Kerala
ഇ-മെയിലുകൾ കണ്ടെടുത്തു;അന്യഗ്രഹത്തിലെത്താൻ പ്രത്യേകരീതിയിൽ മരണം, വിചിത്ര ആശയം ഡാർക്ക് നെറ്റിൽനിന്ന്
4 Apr 20241 മിനിറ്റ് വായന
നവീന്‍ തോമസിന്റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം സംഭവത്തില്‍ മറ്റേതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
മരണശേഷം അന്യഗ്രഹത്തില്‍ സുഖജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തില്‍ എത്താന്‍ കഴിയുമെന്നും നവീന്‍ ഇവരെ വിശ്വസിപ്പിച്ചു. വിചിത്രവിശ്വാസത്തിന്റെ ആശയങ്ങള്‍ നവീന്‍ നേടിയെടുത്തത് ഡാര്‍ക്ക്‌നെറ്റില്‍നിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൂവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് രണ്ടുപേരുടെയും സംസ്‌കാരം. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.





