Kerala
HomeNews

സഹോദരന്റെ മൊഴി നാലുപേരെന്ന്, മറ്റൊരാള്‍ കണ്ടത് അഞ്ചുപേരെയും; സംഘത്തിലെ ബാക്കിയുള്ളവര്‍ എവിടെ?

3 Dec 20231 മിനിറ്റ് വായന
സഹോദരന്റെ മൊഴി നാലുപേരെന്ന്, മറ്റൊരാള്‍ കണ്ടത് അഞ്ചുപേരെയും; സംഘത്തിലെ ബാക്കിയുള്ളവര്‍ എവിടെ?


കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഒന്നാം പ്രതി പദ്മകുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ ചാത്തന്നൂർ കവിതാരാജിൽ അനിതകുമാരിയാണെന്ന് പോലീസ്. ഒരുവർഷംമുമ്പുതന്നെ പ്രതികൾ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരുന്നു. അന്ന് ഉപേക്ഷിച്ച പരിപാടി ഒന്നരമാസംമുമ്പ് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നെന്നും എ.ഡി.ജി.പി. എം.ആർ.അജിത്കുമാർ പറഞ്ഞു.

ആദ്യ ആലോചനയിൽ പദ്മകുമാറിന്റെ അമ്മ ശക്തമായി എതിർത്തു. ആറുമാസംമുമ്പ് അമ്മ മരിച്ചിരുന്നു. പിന്നീടാണ് വീണ്ടും ഇതേ പദ്ധതി തയ്യാറാക്കിയത്. ഒരുവർഷംമുമ്പും രണ്ടുമാസംമുമ്പും വ്യാജ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചിരുന്നു. വാഹനവിൽപ്പന സൈറ്റിൽ കണ്ട ഒരു വണ്ടിയുടെ നമ്പറാണ് വ്യാജമായി നിർമിച്ചത്. ആസൂത്രണത്തിന്റെ ഭാഗമായി കാറുമായി പുറത്തിറങ്ങിയ സമയത്തെല്ലാം വഴിയിൽവെച്ച് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുകയും വീട്ടിൽ എത്തുന്നതിനുമുമ്പ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നതായി പ്രതികൾ മൊഴിനൽകിയിട്ടുണ്ട്.

അനിതകുമാരിയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്കു പിടിച്ചുകയറ്റിയതും ഇവരാണെന്നും മറ്റാരും തട്ടിക്കൊണ്ടുപോകലിന് സഹായിച്ചിട്ടില്ലെന്നും ഇയാൾ നൽകിയ മൊഴിയിലുണ്ട്. കുട്ടിയെ ഉപേക്ഷിക്കാനെത്തിയ നീല നിറത്തിലെ കാറിന്റെ ദൃശ്യം കേസിൽ പോലീസിന് സഹായകമായി. പ്രതികൾ കുട്ടിയെ ഉപേക്ഷിക്കാൻ കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കു സമീപം എത്തിയത് നീല കാറിലാണ്. കാറിന്റെ നമ്പർ മാറ്റാതെയാണ് വന്നത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചത് നിർണായകമായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക