Kerala
HomeNews

വമ്പൻ ആശുപത്രികൾ വരെ കയ്യൊഴിഞ്ഞു; 43 കിലോയുള്ള ട്യൂമർ നീക്കി കോട്ടയം മെഡിക്കൽ കോളജ്; 24കാരന് പുതുജീവൻ

6 Apr 20241 മിനിറ്റ് വായന
വമ്പൻ ആശുപത്രികൾ വരെ കയ്യൊഴിഞ്ഞു; 43 കിലോയുള്ള ട്യൂമർ നീക്കി കോട്ടയം മെഡിക്കൽ കോളജ്; 24കാരന് പുതുജീവൻ


കോട്ടയം: 24 വയസുകാരനായ യുവാവിന്റെ ശരീരത്തിൽ നിന്ന് 43 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളജ്. കോട്ടയം ആനിക്കാട് സ്വദേശിയായ ജോ ആന്റണിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. പല വമ്പൻ‌ ആശുപത്രിയും കയ്യൊഴിഞ്ഞപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജ് വെല്ലുവിളി ഏറ്റെടുത്ത് 24കാരന് പുതുജീവൻ നൽകിയത്. ആരോഗ്യ രംഗത്തു തന്നെ അപൂർവ നേട്ടമാണ് ഇത്.

ആശുപത്രികളിലും പോയെങ്കിലും ജീവന് ഭീഷണിയുള്ളതിനാൽ ട്യൂമർ നീക്കാൻ പലരും തയ്യാറായില്ല. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിനെ കാണുന്നത്. വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 25നാണ് 12 മണിക്കൂർ നീണ്ടു ശസ്ത്രക്രിയ നടത്തിയത്. 20 ലീറ്റർ ദ്രാവകവും 23 കിലോ മാംസവുമുള്ള ട്യൂമറാണ് യുവാവിന്റെ ശരീരത്തിൽ നിന്ന് നീക്കിയത്. ഇതോടൊപ്പം ട്യൂമർ ബാധിച്ച ഇടതു ശ്വാസകോശവും നീക്കം ചെയ്യേണ്ടിവന്നു.

ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. നിധീഷ്, ഡോ. വിനീത, പ്ലാസ്റ്റിക് സർജറി മേധാവി ഡോ. ലക്ഷ്മി, ഡോ. ആതിര, അനസ്തീസിയ വിഭാഗം ഡോ. സഞ്ജീവ് എന്നിവരടങ്ങുന്ന സംഘമാണു ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ആശുപത്രി വിട്ടു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക