Kerala
ഉഷ്ണതരംഗം: മെയ് 15 വരെ തൊഴിൽ സമയക്രമീകരണം
29 Apr 20241 മിനിറ്റ് വായന
പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിൽ ഉടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി. ജില്ല ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും.
സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മെയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വരെ വിശ്രമ വേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുന:ക്രമീകരണം. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.





