Kerala
ലൈസന്‍സ് പുതുക്കല്‍: കാലാവധി ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസ്സാകണം: ഹൈക്കോടതി
14 Mar 20241 മിനിറ്റ് വായന
ഹര്‍ജിക്കാരന്റെ ലൈസന്‍സിന് 2020 ഒക്ടോബര്‍ 30 വരെ കാലാവധിയുണ്ടായിരുന്നു. കോവിഡ് മൂലം ലൈസന്‍സ് പുതുക്കാനായില്ല. ഹര്‍ജിക്കാരന്‍ 2022 ജൂലൈ 17ന് അപേക്ഷ നല്‍കി. തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ ലൈസന്‍സ് പുതുക്കി നല്‍കി. 2032 ജൂലൈ 14വരെയായിരുന്നു കാലാവധി. പിന്നീട് സ്മാര്‍ട് കാര്‍ഡ് ആക്കാനായി അപേക്ഷ നല്‍കിയപ്പോള്‍ ലൈസന്‍സ് പുതുക്കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചു. ലൈസന്‍സ് പുതുക്കാനായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന കാരണത്താലാണ് നോട്ടിസ് ലഭിച്ചതെന്ന് മനസ്സിലായതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയാല്‍ ടെസ്റ്റുകള്‍ക്ക് വിധേയമാകേണ്ടതില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ 1988 ലെ മോട്ടര്‍ വാഹന നിയമത്തില്‍ 2019 ല്‍ സമഗ്രമായ ഭേദഗതിയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച 9 (3) വകുപ്പില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും പുതുക്കുന്നതു സംബന്ധിച്ച 15-ാം വകുപ്പിന് ഭേദഗതിയുണ്ടായി. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ടെസ്റ്റ് പാസാകണമെന്നാണ് വ്യവസ്ഥ. ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരിക്കുന്നത് ലൈസന്‍സ് പുതുക്കാനാണ്. അതിനു ബന്ധപ്പെട്ട വ്യവസ്ഥ ബാധകമാണ്. സര്‍ക്കുലര്‍ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.





