Kerala
ആംബുലന്‍സില്‍ കയറുമ്പോള്‍ തന്നെ രോഗികളുടെ വിവരങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തത്സമയം; മെഡിക്കല്‍ കോളജില്‍ പുതിയ സംവിധാനം
11 Mar 20241 മിനിറ്റ് വായന
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 108 ആംബുലന്‍സില്‍ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുള്‍പ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളില്‍ ആംബുലന്‍സ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും.
കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സുകളില്‍ സ്ഥാപിച്ചിരിക്കുന്ന ജിപിഎസിന്റെ സഹായത്തോടെയാണ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയില്‍ എത്തിയാല്‍ ചികിത്സയ്ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ കഴിയും. ഭാവിയില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.





