Kerala
HomeNews

ഹൈറിചിൽ കുരുങ്ങി പതിനായിരങ്ങൾ ; പണം തിരിച്ചു കിട്ടാൻ ടീം ലീഡർമാരെ തേടി നിക്ഷേപകർ വീടുകളിലേക്ക്

20 Dec 20232 മിനിറ്റ് വായന
ഹൈറിചിൽ കുരുങ്ങി പതിനായിരങ്ങൾ ; പണം തിരിച്ചു കിട്ടാൻ ടീം ലീഡർമാരെ തേടി നിക്ഷേപകർ വീടുകളിലേക്ക്


മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്കെതിരെ ജി എസ് ടി ഇൻ്റലിജൻസും, സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും കുരുക്ക് മുറുക്കിയതോടെ ആശങ്കയിലായിരിക്കുന്നത് പതിനായിരക്കണക്കിന് നിക്ഷേപകരാണ്. 

126 കോടി ജി എസ് ടി വെട്ടിപ്പ് ആണ് ആദ്യം പുറത്തു വന്നതെങ്കിലും പിന്നീട് അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ബഡ്സ് ആക്ട് പ്രകാരവും കമ്പനിക്കെതിരെ കേസ് വന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സ്വത്തു വകകൾ മരവിപ്പിച്ചതോടെ ഹൈറിച്ച് എന്ന ഓൺലൈൻ വ്യാപാര ശൃംഖലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. 

പൊടുന്നനെ പണമുണ്ടാക്കാൻ ‘താൽപ്പര്യമുള്ളവരാണ് കെണിയിൽപ്പെട്ടവരിൽ ഏറെയും.10,000 രൂപയുടെ ഡിജിറ്റൽ അക്കൗണ്ട് എടുത്ത് അംഗമാകുന്നതോടെ മണിച്ചെയിൻ മാതൃകയിൽ പലരെയും ചേർത്താണ് സാമ്പത്തിക ശേഖരണം നടത്തിയത്.പുതിയ അംഗം ചേരുന്നതോടെ 200 രൂപ ചേർത്തവരുടെ അക്കൗണ്ടിലും എത്തും.കൂടുതൽ അംഗങ്ങൾ ശൃംഖലയിൽ കണ്ണിയായാൽ അവർക്കും ലാഭവിഹിതം ലഭിക്കും. ഇതായിരുന്നു ഹൈറിച്ചിൽ 10000 നിക്ഷേപിക്കാനും, ഡിജിറ്റൽ അക്കൗണ്ട് എടുക്കാനും ആളുകളെ പ്രേരിപ്പിച്ചത്. ഇതിൽ 10000ത്തിൻ്റെ നിരവധി അക്കൗണ്ടുകൾ എടുത്തവരുമുണ്ട്.

ഒരു ടീം ലീഡറുടെ കീഴിൽ വരുന്നവർക്ക് ഗ്രൂപ്പുണ്ടാക്കിയാണ് വർക്ക് ചെയ്യുക. തലശേരി, കൂത്തുപറമ്പ്, പാനൂർ, മാഹി, കണ്ണൂർ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് വലിയ ഹോട്ടലുകളിലും, ഓഡിറ്റോറിയത്തിലും മീറ്റിംഗ് കൂടി പുതിയ ആളുകളെ ആകർഷിക്കുന്ന വ്യാപാരതന്ത്രവും ലീഡർമാർ പയറ്റും.ഇതിൽ വീണവരാണ് മിക്കവരും. അതെ സമയം ടീം ലീഡർമാരെ അന്വേഷിച്ചു നിക്ഷേപർ വീടുകളിൽ എത്തുന്നത് പതിവായിരിക്കുകയാണ്. 

സാധാരണ തൊഴിലെടുത്ത് കഴിഞ്ഞവർ ഒരു സുപ്രഭാതത്തിൽ കാറും, പുതിയ രൂപഭാവത്തിലും സമൂഹത്തിൽ ഇറങ്ങുന്നത് കണ്ട് ആശ്ചര്യപ്പെട്ടവർക്ക് തട്ടിപ്പിൻ്റെ ലോകത്താണ് ഇക്കൂട്ടർ ചെന്ന് പ്പെട്ടതെന്ന് ഇപ്പോഴാണ് ബോധ്യമാകുന്നത്. സാധാരണക്കാർ മുതൽ അഭ്യസ്തവിദ്യരായവർ വരെ ഹൈറിച്ച് വലയിൽപ്പെട്ടവരാണ്. ജില്ലയിലെ പല നഗരങ്ങളിലും പുത്തൻ സ്റ്റെയിലിൽ ഓഫീസും തുടങ്ങിയിരുന്നു പല ലീഡർമാരും.

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ പുതിയ ഓഫീസ് തുടങ്ങാൻ പണി നടന്നു കൊണ്ടിരിക്കയാണ് ഹൈറിച്ച് കമ്പനിയുടെ തകർച്ച ആരംഭിക്കുന്നത്. കമ്പനി തകർന്നതോടെ പല ലീഡർമാരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ് എന്നാണ് വിവരം. ഇവരുടെ ഗ്രൂപ്പുകളിൽ ശക്തമായി ഹൈറിച്ച് തിരിച്ചു വരുമെന്ന സന്ദേശം തന്നെയാണ് ഇപ്പോഴും വരുന്നതെന്ന് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നു.ഇപ്പോഴും പണം നൽകുന്നുണ്ടെന്ന അവകാശവാദവും ലീഡർമാരിൽ നിന്നും വരുന്നുണ്ടെന്നും ഗ്രൂപ്പ് അംഗങ്ങൾ അറിയിക്കുന്നു. പണം നഷ്ടപ്പെട്ടവർക്ക് ഒരു ഉറപ്പും നൽകാതെ പലരും ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോഴും കമ്പനി പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് പറയുകയും, അത് വിശ്വസിപ്പിക്കുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് ഇപ്പോൾ കമ്പനി ലീഡർമാർ ചെയ്ത് കൊണ്ടിരിക്കുന്നത്.

റിസർവ്വ് ബേങ്ക് നിയമ പ്രകാരം ഹൈറിച്ച് കമ്പനിക്ക് നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുമതിയില്ല എന്നിരിക്കെയാണ് പാവങ്ങളെ പിന്നെയും പറഞ്ഞ് പറ്റിക്കുന്നത് തുടരുന്നത്. കമ്പനിയുടെ മുഴുവൻ അക്കൗണ്ടും ഫ്രീസ് ചെയ്തെന്നിരിക്കെ ഇപ്പോഴും നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്ന അവാസ്തവവും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിലൂടെ വഞ്ചിതരായവരുടെ കൂടുതൽ പരാതികൾ പുറത്തു വരും. ഹൈറിച്ചിലൂടെ പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയവരുടെ പേര് വിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ശേഖരിക്കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക