Kerala
ലൈഫ് പദ്ധതിക്ക് 1132 കോടി, രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍
5 Feb 20241 മിനിറ്റ് വായന
ലൈഫ് 2023-24 വര്‍ഷത്തില്‍ 1,51,073 വീടുകളുടെ നിര്‍മാണവും പദ്ധതിയില്‍ ഇതുവരെ 3,71,934 വീടുകളുടെ നിര്‍മാണവുമാണ് പൂര്‍ത്തീകരിച്ചത്. 1,19,687 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ 17,104.8 കോടി രൂപ രൂപ ചെലവഴിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലുള്ള ബജറ്റ് വിഹിതത്തിനു പുറമേ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് ദീര്‍ഘകാല വായ്പാപദ്ധതി ഉപയോഗിച്ച് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും.
ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.എ.വൈ. ഗ്രാമീണ്‍ പദ്ധതിക്ക് കീഴില്‍ വീടൊന്നിന് കേന്ദ്രം നല്‍കുന്നത് 1.2 ലക്ഷം രൂപയാണ്. ഇതിന്റെ 60 ശതമാനമായ 72000 രൂപയാണ് കേന്ദ്രവിഹിതം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വീടൊന്നിന് നാല് ലക്ഷം രൂപ നിശ്ചയിച്ച് ബാക്കി തുകയായ 3.8 ലക്ഷം രൂപ നല്‍കുന്നു. ഈ പദ്ധതിക്കുള്ള 2024-25ലെ സംസ്ഥാനവിഹിതമായി 207.92 കോടി രൂപ വകയിരുത്തും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ സംസ്ഥാന വിഹിതമായി 133 കോടി രൂപ വിലയിരുത്തും.
പി.എം.എ.വൈ ഗ്രാമീണ്‍ അര്‍ബന്‍ എന്നീ പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് നല്‍കണമെന്ന കേന്ദ്രനിബന്ധന ഗുണഭോക്താക്കള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതാണ്. ഇതില്‍ സംസ്ഥാനസര്‍ക്കാര്‍ ഭിന്നാഭിപ്രായം അറിയിച്ചിട്ടുണ്ട്. അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോവുകയാണ്. അതിനാല്‍ പദ്ധതിക്കുള്ള കേന്ദ്രവിഹിതം കൂടി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. വീട് ലഭിക്കുന്നവരുടെ വ്യക്തിത്വം അടിയറവ് വെയ്ക്കുന്ന നയങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.





