Kerala
നാട്ടിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവിറങ്ങുമ്പോൾ വെന്റിലേറ്ററിൽ; ഉത്തരവ് കൈപ്പറ്റുംമുമ്പേ മിനി യാത്രയായി
25 Jan 20241 മിനിറ്റ് വായന
തിരൂർ ജില്ലാ ആശുപത്രിയിൽ ഓങ്കോളജി കെട്ടിടത്തിനുള്ളിൽ ഭൂഗർഭ അറയിൽ വീണാണ് തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം വെട്ടുകടവ് പുഴയോരം സ്ട്രീറ്റ് തോപ്പിൽ മിനി(49)ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവർക്ക് തൃശ്ശൂർ പൊയ്യ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റം നൽകിക്കൊണ്ടുള്ള ഉത്തരവാണ് ചൊവ്വാഴ്ച രാത്രിയിറങ്ങിയത്. ചാലക്കുടി താലൂക്കാശുപത്രിയിൽ ദീർഘകാലം സ്റ്റാഫ് നഴ്സായിരുന്ന മിനി രണ്ടുവർഷം മുന്പാണ് തിരൂരിലേക്ക് സ്ഥലം മാറിയെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് തിരൂർ ജില്ലാ ആശുപത്രിയിലെ നിർമാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തിലെ സൗകര്യങ്ങൾ പരിശോധിക്കാൻ നഴ്സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്സ് ബിനോയ് എന്നിവർക്കൊപ്പം മിനി എത്തിയത്. പരിശോധിക്കുന്നതിനിടെ ഭൂഗർഭ അറയിലേക്ക് കാൽതെന്നി പത്തടി താഴ്ചയിലേക്കു വീണു. ഉടനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അവിടെ പൊതുദർശനത്തിനുവെച്ചശേഷം മിനി ജോലിചെയ്ത തിരൂർ ജില്ലാ ആശുപത്രിയിൽ വൈകീട്ട് മൂന്നു മണിയോടെ എത്തിച്ചു. ഒരു മണിക്കൂർ പൊതുദർശനത്തിനു വെച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക ആരോഗ്യമന്ത്രി വീണാ ജോർജിനുവേണ്ടി റീത്ത് സമർപ്പിച്ചു. തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ, ജില്ലാ ആശുപത്രി സൂപ്രണ്ട് ശെൽവരാജ്, വിവിധ പാർട്ടി നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി ഒട്ടേറെ ആളുകൾ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി.
മിനിയുടെ ഭർത്താവ്: തോപ്പിൽ ആന്റു (ഫാർമസിസ്റ്റ് ), മക്കൾ: ജോയൽ (യു.കെ.), എയ്ഞ്ചൽ (സഹൃദയ കോളേജ് കൊടകര). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ചാലക്കുടി സെയ്ന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.





