Kerala
മക്കളുപേക്ഷിച്ചു,വിളിച്ച് വരുത്തിയ മകൻ അമ്മയെവിട്ട് നായയെ നോക്കാൻപോയി;ആരോരുമില്ലാതെ ആ അമ്മ മരിച്ചു
21 Jan 20241 മിനിറ്റ് വായന
കുമളിയിൽ വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നമ്മയ്ക്ക് വീണതിനെത്തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി വെള്ളിയാഴ്ചയാണ് കുമളി പോലീസിന് ലഭിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോൾ കാണുന്നത് ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായ അന്നക്കുട്ടിയേയാണ്.
കുമളി സി.ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ അന്നക്കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ടെന്നും ഇരുവരും വിവാഹം കഴിച്ച് കുമളിയിൽത്തന്നെയാണ് താമസമെന്നും നാട്ടുകാർ പറഞ്ഞു.
സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടകവീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അന്നക്കുട്ടിതന്നെ പോലീസിനെ അറിയിച്ചു. മകൾ മാസംതോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവർഷത്തോളമായി കഴിഞ്ഞിരുന്നതെന്നും അവർ പറഞ്ഞു. ബാങ്ക് ജീവനക്കാരനായ മകനെ ആശുപത്രിയിലേക്ക് വിളിപ്പിച്ചെങ്കിലും, വീട്ടിലെ വളർത്തുനായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒടുവിൽ കുമളിയിലെ വനിതാപോലീസിനെ അന്നക്കുട്ടിയെ പരിചരിക്കാൻ നിയോഗിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ മരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം കുമളി പോലീസ്. നാട്ടുകാരുടെ സഹായത്തോടെ ശവസംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് കുമളി എസ്.എച്ച്.ഒ. ജോബിൻ ആന്റണി അറിയിച്ചു.





