Kerala
ലീഡർമാർക്കെതിരെ പരാതി നൽകി പണം തിരിച്ചു കിട്ടാനുള്ള വഴി തേടി നിരവധി ഹൈറിച്ച് നിക്ഷേപർ
25 Jan 20242 മിനിറ്റ് വായന
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരെ പ്രതിചേർത്തു. തട്ടിപ്പിന്റെ വ്യാപ്തി 1630 കോടി രൂപയാണെന്നു ചേർപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും 100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമാണ് ഇ.ഡി അന്വേഷിക്കുന്നത്.
നേരത്തേ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
ഹൈറിച്ചിലെ ലീഡർമാരും കുടുങ്ങും. ഇവരെ സംബന്ധിക്കുന്ന വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ലീഡർമാർ പലരെയും ചേർത്തു ഉണ്ടാക്കിയ വീടും വാഹനങ്ങളും മറ്റും ഉൾപ്പെടെ പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി അറിയാൻ സാധിക്കുന്നു. ഇതിന് പിന്നാലെ ചില ലീഡർമാർ തങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കളുടെയും മറ്റും പേരിലേക്ക് മാറ്റാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഹൈറിച്ചു തിരിച്ചു വരും പണം ഉടനെ വന്നു തുടങ്ങും എന്നുള്ളത് കളവാണെന്നത് ഇപ്പോഴാണ് നിരവധി നിക്ഷേപകർ തിരിച്ചറിഞ്ഞത്. ഇതോടെ ലീഡർമാരുടെ വീടുകളിൽ പണം ആവശ്യപ്പെട്ടു നിക്ഷേപകർ എത്തി തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ലീഡർമാർക്കെതിരെ പോലീസിൽ പരാതി നൽകാനും നിക്ഷേപകർ ഒരുങ്ങുകയാണ്. പരാതി നൽകുന്നവർക്ക് വൈകിയാണെങ്കിലും നൽകിയ പണം തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടെന്നാണ് നിക്ഷേപകർ കരുതുന്നത്.
800 രൂപ മുതൽ 4 ലക്ഷം വരെ നിക്ഷേപിച്ചവർ ഇതിലുണ്ട്. 800 രൂപ കൊടുത്തവർക്ക് കിട്ടിയത് 150 ഗ്രാം ചായപ്പൊടി ആയിരുന്നു.





