Kerala
HomeNews

ഷബ്‌നയുടെ മരണം: ഭർതൃസഹോദരി അറസ്റ്റിൽ

15 Dec 20231 മിനിറ്റ് വായന
ഷബ്‌നയുടെ മരണം: ഭർതൃസഹോദരി അറസ്റ്റിൽ


നാദാപുരം: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഓർക്കാട്ടേരി അരൂർ മലമൽതാഴ പുളിയം വീട്ടിൽ ഷബ്ന ആത്മഹത്യചെയ്‌ത കേസിൽ ഭർത്താവിന്റെ സഹോദരി അറസ്റ്റിൽ. ഓർക്കാട്ടേരി കല്ലേരി ഹഫ്സത്തി (44) നെയാണ് അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. ഏറാമല പഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡന്റായ ഹഫ്സത്തിനെ പ്രത്യേക അന്വേഷകസംഘമാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച സെഷൻസ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷകസംഘത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
ഉമ്മ നസീസയേയും അമ്മാവൻ ഹനീഫയേയും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 4 നാണ് ഭർതൃവീട്ടിൽ ബന്ധുക്കളുടെ പീഡനത്തെ തുടർന്ന് ഷബ്ന ജീവനൊടുക്കിയത്.

വടകര ഡിവൈഎസ്‌പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യക്ക് പ്രേരിപ്പിച്ചത് പ്രതികളിൽനിന്നുണ്ടായ ഗാർഹിക പീഡനവും അടിപിടിയും മർദനവുമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഹനീഫ ഷബ്‌നയെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. മരിക്കുന്നതിനുമുമ്പ്‌ ഷബ്ന മൊബൈലിൽ പകർത്തിയതായിരുന്നു വീഡിയോ.
പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ഷബ്ന ആത്മഹത്യചെയ്‌ത കേസിൽ ഭർത്താവ് ഹബീബിന്റെയും ഭർതൃസഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.

റിമാൻഡിലുള്ള ഭർതൃമാതാവ് തണ്ടാർകണ്ടിയിൽ നബീസ, അമ്മാവൻ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. അതേസമയം, ഭർതൃപിതാവ്‌ മമ്മുഹാജിക്ക്‌ പ്രായവും രോഗാവസ്ഥയും പരിഗണിച്ച്‌ കോടതി മുൻകൂർജാമ്യം നൽകി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. കെ എൻ ജയകുമാർ ഹാജരായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക