Kerala
കൊല നടത്തിയത് അച്ഛന്റെ രീതികൾ അറിയുന്ന ആളെന്ന് മകൻ; സ്വർണ്ണവും പണവും മോഷ്ടിച്ചു; മൈലപ്ര കൊലയിൽ ഞെട്ടി നാട്
31 Dec 20231 മിനിറ്റ് വായന
ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാല കാണാനില്ലെന്നതാണ് മോഷണത്തിനിടെയുളള കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷങ്ങളാണ് മൃതദേഹത്തിലുള്ളത്. ജോർജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു.
വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത്. സിസിടിവി യുടെ ഹാർഡ് ഡിക്സും പ്രതികൾ എടുത്തുകൊണ്ടുപോയി. വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ - മൂവാറ്റുപുഴ റോഡിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ തെളിവുകളൊന്നുമില്ല. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.





