Kerala
അഡൽറ്റ് ഡയപ്പറുകളുടെ വില താങ്ങാനാകുന്നില്ല; കമ്പനികൾ ലാഭം കൊയ്യുന്നത് ഇരട്ടിയോളം...
24 Dec 20231 മിനിറ്റ് വായന
പത്ത് ഡയപ്പറുകളടങ്ങിയ പാക്കറ്റിന്റെ വില 400 രൂപയിൽനിന്ന് 495 ആയി.
കിടപ്പുരോഗികൾക്കും തീവ്രഭിന്നശേഷിക്കാർക്കും ഒരുദിവസം രണ്ട് ഡയപ്പർ വീതം ഉപയോഗിച്ചാൽത്തന്നെയും മാസം 570 രൂപ അധികം വേണം.
മരുന്നിനും ആശുപത്രിസേവനങ്ങൾക്കുമുള്ള ചെലവിനു പുറമേ ഡയപ്പറിനു മൊത്തം വേണ്ടത് മാസം ശരാശരി 2970 രൂപ.
അഡൽറ്റ് ഡയപ്പറുകൾ കൂടാതെ കിടക്കയിൽ വിരിക്കാവുന്ന ഡിസ്പോസിബിൾ ഷീറ്റുകൾ (അണ്ടർ പാഡുകൾ) 10 എണ്ണത്തിന്റെ പാക്കറ്റിന് 180-ഓളം രൂപയുണ്ട്.
കുറഞ്ഞ വിലയ്ക്ക് ചൈനയിൽനിന്ന് അസംസ്‌കൃതവസ്തുക്കൾ ഇറക്കിയാണ് ഇന്ത്യൻ കമ്പനികൾ സ്വന്തം ബ്രാൻഡിൽ ഇവ വിപണിയിലെത്തിക്കുന്നത്.
മൊത്തക്കച്ചവടത്തിൽ 150-170 രൂപയ്ക്ക് ലഭ്യമാകുന്ന പാക്കറ്റുകളാണ് 400-500 രൂപയ്ക്ക് വിപണിയിലെത്തുന്നത്.
ഒറ്റയെണ്ണം വാങ്ങുമ്പോൾ 60 രൂപവരെ ഈടാക്കുന്ന മെഡിക്കൽ സ്റ്റോറുകളുണ്ട്.
പാർലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ഡ്രഗ്‌സ് ആൻഡ് മെഡിക്കൽ ഡിവൈസസ് ഭേദഗതി ബിൽ പാസായാൽ ഇവയുടെ വില നിശ്ചയിക്കുന്നതിൽ സർക്കാരിന് ഇടപെടാമെന്നാണ് പ്രതീക്ഷ. ഈ നിയമം വരുന്നതോടെ നാഷണൽ ഫാർമസി പ്രൈസിങ് അതോറിറ്റി(എൻ.പി.പി.എ.)ക്ക് ഇവയുടെ വില നിശ്ചയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ അഡൽറ്റ് ഡയപ്പറുകൾ വിൽക്കുന്ന സംസ്ഥാനം കേരളമാണ്. രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്ട്രയേക്കാൾ 13 ശതമാനവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിനേക്കാൾ 22 ശതമാനവും കൂടുതലാണ് കേരളത്തിലെ ഉപയോഗം.
ഓരോ വർഷവും ഇവയുടെ വിൽപ്പന സംസ്ഥാനത്ത് വർധിക്കുകയാണ്. 2015-നേക്കാൾ 2021-ൽ വിൽപ്പനയിൽ 17 മടങ്ങിന്റെ വർധനയാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.
നേരത്തേ ചില തദ്ദേശസ്ഥാപനങ്ങൾ പാലിയേറ്റീവ് സെന്ററുകളിലൂടെ ഡയപ്പറുകൾ വിതരണം ചെയ്തിരുന്നുവെങ്കിലും വലിയ സാമ്പത്തികബാധ്യത വരുന്നതിനാൽ പിന്നാക്കം പോയി.





