Kerala
HomeNews

പെണ്‍കുട്ടിയെ കാണാതായെന്ന് പരാതി നല്‍കാനെത്തിയ സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം; 71 പോലീസുകാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി

3 Feb 20191 മിനിറ്റ് വായന
പെണ്‍കുട്ടിയെ കാണാതായെന്ന് പരാതി നല്‍കാനെത്തിയ സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം; 71 പോലീസുകാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി

ബംഗലൂരു: മകളെ കാണ്‍മാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ സ്ത്രീകളെ നിഷ്ഠൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌റ്റേഷനിലെ 72 പോലീസുകാരില്‍ 71 പേരെയും സ്ഥലംമാറ്റി. ബംഗലൂരുവിലെ കുമാരസ്വാമി ലേഔട്ട് സ്‌റ്റേഷനില്‍ വെള്ളിയാഴ്ചയാണ് കൂട്ടസ്ഥലംമാറ്റം നടന്നത്.

സ്‌റ്റേഷനിലെ മൂന്നു പോലീസുകാരാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്. സംഭവം സ്‌റ്റേഷനിലെ തന്നെ ഒരു വിഭാഗം പോലീസുകാരാണ് രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ആഭ്യന്തര വകുപ്പ് പോലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയായിരുന്നു.

എന്നാല്‍ ഇതൊരു ശിക്ഷാനടപടിയല്ലെന്നും സ്‌റ്റേഷന്റെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമമാണെന്നും ബംഗലൂരു സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.അണ്ണാമലൈ പറയുന്നു. ആരോപണം നേരിടുന്ന മൂന്നു പോലീസുകാര്‍ വകുപ്പുതല അന്വേഷണം നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 20നാണ് മകളെ കാണ്‍മാനില്ലെന്ന പരാതിയുമായി സ്ത്രീകള്‍ സ്‌റ്റേഷനിലെത്തിയത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു ഇവരുടെ പരാതി. ഇവരെ അസി.സബ് ഇന്‍സ്‌പെക്ടര്‍ രേണകയ്യയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. സംഭവത്തില്‍ ഡിസിപി അന്വേഷണത്തിന് ഉത്തരവിടുകയും രേണുകയ്യയെ സസ്‌പെന്റും ചെയ്തിരുന്നു.

അതേസമയം, പോലീസ് നടപടിയെ ന്യായീകരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ഭായ് രംഗത്തുവന്നിരുന്നു. പരാതിക്കാരിയാണ് തെറ്റുകാരിയെന്നും അവരുടെ മകള്‍ താരകേശ്വരി തന്നെ അവരെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു. തന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ അമ്മ തന്നെയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും പോലീസുകാര്‍ തന്നെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്നും മകള്‍ പറഞ്ഞിരുന്നു.

മകള്‍ക്കെതിരെ വ്യാജ പരാതി നല്‍കാനാണ് അമ്മ സ്‌റ്റേഷനില്‍ എത്തിയതെന്നും ഇതു മനസ്സിലയാക്കിയാണ് പോലീസുകാര്‍ മര്‍ദ്ദിച്ചതെന്നും എ.എസ്.ഐ പിടിച്ചു പുറത്തേക്ക് തള്ളിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം നടന്ന കുമാരസ്വാമി ലേഔട്ട് സ്‌റ്റേഷനില്‍ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതിന്റെ പേരില്‍ നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിന്റെ റൈഫിള്‍ മോഷണം പോയിരുന്നു. സഹപ്രവര്‍ത്തകരാണ് തോക്ക് മോഷ്ടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക