Kerala
HomeNews

പ്രിന്റിങ്ങ് മുടങ്ങി, ‘സ്മാർട്ട്’ ആകാതെ ലൈസൻസും ആർ.സിയും; കുടുങ്ങിയത് 1.25 ലക്ഷംപേർ

18 Dec 20231 മിനിറ്റ് വായന
പ്രിന്റിങ്ങ് മുടങ്ങി, ‘സ്മാർട്ട്’ ആകാതെ ലൈസൻസും ആർ.സിയും; കുടുങ്ങിയത് 1.25 ലക്ഷംപേർ


സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷന്‍ നടക്കുന്നുണ്ടെങ്കിലും നവംബര്‍ 23 മുതല്‍ ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും നല്‍കുന്നില്ല. കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ലൈസന്‍സ്/വാഹന ഉടമയില്‍നിന്ന് തപാല്‍നിരക്ക് അടക്കം 245 രൂപ പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡിന് ഈടാക്കുന്നുണ്ട്. കേരളത്തില്‍ കെ.എല്‍-ഒന്ന് (തിരുവനന്തപുരം) മുതല്‍ കെ.എല്‍-86 (പയ്യന്നൂര്‍) വരെ 85 നമ്പറുകളിലാണ് വണ്ടി രജിസ്റ്റര്‍ചെയ്യുന്നത്. ഈ കാലയളവില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസന്‍സ് എടുത്തവരുമായി 1.25 ലക്ഷത്തിലധികം പേരുണ്ടാകുമെന്നാണ് കണക്ക്.
സര്‍ക്കാര്‍ പണം നല്‍കുന്നതിനനുസരിച്ചാണ് പാലക്കാട്ടെ ഐ.ടി. കമ്പനി മോട്ടോര്‍വാഹന വകുപ്പിന് കാര്‍ഡ് വിതരണം ചെയ്യുന്നത്. ഇതാണ് മുടങ്ങിയത്. ഈ കാര്‍ഡിലാണ് പ്രിന്റെടുക്കുന്നത്. അടുത്ത ആഴ്ച മുതല്‍ പ്രിന്റിങ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

2023 ഏപ്രില്‍ അവസാനത്തോടെയാണ് ഡ്രൈവിങ് ലൈസന്‍സുകള്‍ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പെറ്റ്-ജി കാര്‍ഡിലേക്ക് മാറിയത്. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ആര്‍.സി.) ഒക്ടോബര്‍ നാലുമുതല്‍ വിതരണം തുടങ്ങി. ലൈസന്‍സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും പ്രിന്റ് ചെയ്യുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക