Kerala
സഹപാഠിയെ പ്രണയിച്ചെന്നാരോപിച്ച് കൊടുംക്രൂരത; ആലുവയിൽ പിതാവ് വിഷംകുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു
7 Nov 20231 മിനിറ്റ് വായന
വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടർന്നതിനാണ് പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും വായിൽ വിഷം ഒഴിക്കുകയും ചെയ്തത്. കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അമ്മ മൊഴിനൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുൻപ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ കൈയിൽനിന്ന് ഒരു മൊബൈൽഫോൺ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കായി. കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെൺകുട്ടിയെ മർദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോൾ പെൺകുട്ടിയുടെ വായിൽ വിഷം ചെന്ന നിലയിലായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയിരുന്ന മൊഴി. തുടർന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താൻ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നണ് പിതാവ് പോലീസിനോടു പറഞ്ഞത്.





