Kerala
റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 'ലിയോ'യിലെ സീനുകള്‍ ചോര്‍ന്നു; കര്‍ശന നടപടിയുമായി നിര്‍മ്മാതാക്കള്‍
18 Oct 20231 മിനിറ്റ് വായന
ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് എക്സില്‍ കാര്യമായി പ്രചരിക്കുന്നത്. സെന്‍സറിംഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്‍റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിന് ഇടയില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ലീക്ക്ഡ് എന്ന ഹാഷ് ടാഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കപ്പെടുന്നത്. എക്സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ ഹാഷ് ടാഗോടെ എത്തിയിട്ടുണ്ട്. കൂടുതല്‍ പോസ്റ്റുകളും വീഡിയോ അടങ്ങിയതുമാണ്.
അതേസമയം വിജയ് ആരാധകര്‍ വൈകാരികതയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തി അവസാനിപ്പിക്കണമെന്ന് എക്സില്‍ ആഹ്വാനം ഉയരുന്നുണ്ട്. കര്‍ശന നടപടിയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ തങ്ങളെ അറിയിക്കണമെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്.





