Kerala
കുമാരി യാത്രയായി, ഇനി ഓർമ: ചേച്ചിയെ അവസാനമായി ഒരു നോക്കുകണ്ട് നെഞ്ചുലഞ്ഞ് സഹോദരി; നൊമ്പരക്കാഴ്ച
31 Oct 20231 മിനിറ്റ് വായന
കളമശ്ശേരിയിൽ ഞായറാഴ്ച യഹോവയുടെ സാക്ഷികളുടെ മേഖല കൺവെൻഷനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട തൊടുപുഴ കാളിയാർ കുളത്തിൽ വീട്ടിൽ കുമാരി(50)യെ യാത്രയയ്ക്കാൻ ഒരു നാട് മുഴുവൻ ഒഴുകിയെത്തി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കാളിയാറിലേക്ക് കൊണ്ടുവന്നത്. ഇവർ താമസിക്കുന്ന വാടക വീടിന് സമീപമുള്ള പറമ്പിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു പൊതുദർശനം. ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണണമെന്ന് പറഞ്ഞ് നെഞ്ചുലഞ്ഞ് കരയുന്ന ഇളയ സഹോദരി പ്രഭാവതിയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. മകൾ അതിഥിയെ മാറോടണച്ച് കണ്ണുനനച്ച് നിന്ന മൂത്തമകൻ ശ്രീരാജും എല്ലാവർക്കും നൊമ്പരമായി.
കുമാരിയുടെ ഇളയ മകൻ ശ്രീരാഗിനും അമ്മ പൊന്നമ്മയ്ക്കും ചേച്ചി സുമയ്ക്കും മരുമകൾ ദിവ്യയ്ക്കുമൊന്നും ദുഃഖം താങ്ങാനാകുന്നുണ്ടായിരുന്നില്ല. മൂന്ന് മാസം മുൻപാണ് കുമാരിയും കുടുംബവും കാളിയാറിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. എല്ലാവരുമായും നല്ല സൗഹൃദം പുലർത്തിയിരുന്ന അവർ കുടുംബശ്രീ പ്രവർത്തനങ്ങളും തൊഴിലുറപ്പിലും സജീവമായിരുന്നു. എറണാകുളം മെജഡിക്കൽ കോളേജിൽ തിങ്കളാഴ്ചയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. യഹോവയുടെ സാക്ഷികളുടെ പ്രാർഥനയ്ക്കുശേഷം മൃതദേഹം തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.





