Kannur
HomeNews

ഇരിക്കൂർ നിലാമുറ്റം പള്ളിക്ക് സമീപം വൻതീപ്പിടിത്തം

5 Mar 20261 മിനിറ്റ് വായന
ഇരിക്കൂർ നിലാമുറ്റം പള്ളിക്ക് സമീപം വൻതീപ്പിടിത്തം


                                                 

ഇരിക്കൂർ: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയുടെ സമീപത്ത് ഇരിക്കൂർ പഞ്ചായത്തിലെ നിലാമുറ്റം മഖാം ജുമാമസ്ജിദ് പരിസരത്ത് വൻ തീപ്പിടിത്തം.

തെങ്ങ്, കശുമാവ്, റബ്ബർ, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ എന്നിവയടങ്ങിയ 15 ഏക്കർ സ്ഥലത്തെ കൃഷിത്തോട്ടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്.

ഈ മേഖലയിൽ നിറഞ്ഞുകിടന്ന കരിയിലകളിൽ‌ നിന്ന് രാവിലെ മുതൽ ചെറുതായി പുക ഉയരുന്നത് നാട്ടുകാരും പരിസരവാസികളും കണ്ടിരുന്നു. പകൽ 11.30-ഓടെയാണ് തീ ആളിക്കത്താൻ തുടങ്ങിയത്.

മേഖലയിലെ കശുമാവുകളും തെങ്ങുകളും പ്ലാവ്, മാവ്, നേന്ത്രവാഴ, പപ്പായ തുടങ്ങി എല്ലാ കൃഷികളും തീയിൽ കരിഞ്ഞു. സംസ്ഥാന പാതയരികിലെ റഹീമിന്റെ വീട്ടുമുറ്റത്തെ ഏതാനും തെങ്ങുകളും ഫലവൃക്ഷങ്ങളും വാഴ, പപ്പായ തുടങ്ങിയവയും കത്തി നശിച്ചു.

സി വി ശുഐബ്, നിയാസ്, കെ ടി നസീർ, അയ്യൂബ്, നിലാമുറ്റം ജുമാ മസ്ജിദ്, സെഞ്ചുറി ക്വാർട്ടേഴ്സ് തുടങ്ങിയവരുടെതാണ് അഗ്നിക്കിരയായ സ്ഥലവും തോട്ടങ്ങളും.

ഇരിക്കൂർ പോലീസും മട്ടന്നൂർ, ഇരിട്ടി മേഖലയിൽ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി തീയണച്ചെങ്കിലും കനത്ത ചൂടിലും കാറ്റിലും തീ ആളിപ്പടരുകയാണ്.

ഉയരമുള്ള കുന്നിൻപ്രദേശവും റോഡില്ലാത്ത ഭാഗങ്ങളും ആയതിനാൽ അഗ്നിരക്ഷാസേന തീയണക്കാൻ പാടുപെടുകയാണ്. രാവിലെ തുടങ്ങിയ തീപ്പിടിത്തം രാത്രിയിലും നിയന്ത്രണ വിധേയമായിട്ടില്ല. തീയണച്ച ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്.

മട്ടന്നൂർ അഗ്നിരക്ഷാസേനാ വിഭാഗം എ എസ് ടി ഒ ഗ്രേഡ് ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് യൂണിറ്റുകളിലായി തീയണക്കുന്നത്. മുൻ വർഷങ്ങളിലും ഇതേസ്ഥലത്ത് തീപ്പിടിത്തമുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക