Kannur
HomeNews

മാളിൽ വച്ച് പരിചയം; പ്രണയം നടിച്ച് പീഡനം, ബ്ലാക്ക്മെയിൽ: വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

17 Mar 20261 മിനിറ്റ് വായന
മാളിൽ വച്ച് പരിചയം; പ്രണയം നടിച്ച് പീഡനം, ബ്ലാക്ക്മെയിൽ: വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു


പത്താം ക്ലാസ് വിദ്യാർഥിനിയെ അഞ്ചംഗ സംഘം പീഡനത്തിനിരയാക്കിയതായി പരാതി. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാളിൽ വച്ച് പരിചയപ്പെട്ട പത്തൊമ്പതുകാരൻ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളുടെ സുഹൃത്തുക്കളും പീഡിപ്പിച്ചത്. കഴിഞ്ഞ രണ്ടര മാസമായി പെൺകുട്ടി പീഡനത്തിനിരയായതായാണ് വിവരം. കണ്ണൂർ, മാഹി, പയ്യാമ്പലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.

പെൺകുട്ടി കഴിഞ്ഞ ശനിയാഴ്ച നഗരത്തിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ തന്നെ ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ച് ഡോക്ടർക്ക് നൽകിയ മൊഴിയിലാണ് പീഡനവിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബാക്കിയുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക