Kannur
HomeNews

കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങി; എഴുത്തുകാരന്‍ വി.എസ്.അനില്‍കുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നില്‍ റീത്ത്

19 Feb 20261 മിനിറ്റ് വായന
കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങി; എഴുത്തുകാരന്‍ വി.എസ്.അനില്‍കുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നില്‍ റീത്ത്

 


പയ്യന്നൂരില്‍ സിപിഎം പുറത്താക്കിയ വി.കുഞ്ഞിക്കൃഷ്ണന്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ചെഴുതിയ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന്‍ വി.എസ്.അനില്‍കുമാറിന്‍റെ വീടിന് മുന്നില്‍ റീത്ത്. പ്രഫസര്‍ എം.എന്‍.വിജയന്‍റെ മകനാണ് അനില്‍കുമാര്‍. കണ്ണൂര്‍ കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. അനില്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കി. ഗേറ്റിന് അകത്ത് വച്ചിരുന്ന റീത്ത് കുഞ്ഞികൃഷ്ണന്‍റെ മകനാണ് ആദ്യം കണ്ടത്. തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയച്ചത്. റീത്ത് വച്ചത് ആരാണെന്ന് വ്യക്തതയില്ലെന്ന് കെ.എസ്.അനില്‍കുമാര്‍ പ്രതികരിച്ചു. അതേസമയം, അസഹിഷ്ണുതയാണ് ഇതില്‍ തെളിയുന്നതെന്നും ഫാസിസത്തെ എതിര്‍ക്കുന്നവര്‍ തന്നെ അത് ചെയ്യുകയാണെന്നും വി.കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു. വിഷയത്തില്‍ സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി നാലിന് നടന്ന പുസ്തക പ്രകാശനത്തില്‍ വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്. ഇടതുനിരീക്ഷകന്‍ ജോസഫ് സി.മാത്യു വി.എസ്. അനില്‍കുമാറിന് നല്‍കിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. പുസ്തകം അതിവേഗം വിറ്റഴിയുകയും ചെയ്തിരുന്നു. പയ്യന്നൂരില്‍ നേരത്തെ കുഞ്ഞിക്കൃഷ്ണന്‍ അനുകൂല പ്രകടനം നടത്തിയവരില്‍ ഒരാളുടെ ബൈക്കും അജ്ഞാതര്‍ കത്തിച്ചിരുന്നു. ഈ കേസിലും പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്നും ഇത് തുറന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടി തനിക്കൊപ്പം നില്‍ക്കാതെ നേതാവിനൊപ്പം നില്‍ക്കുകയായിരുന്നുവെന്നുമാണ് കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചത്. എന്നാല്‍ രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പ് നടന്നുവെന്ന കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണം ഭാവനാസൃഷ്ടിയാണെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ വാദം. പാര്‍ട്ടിക്ക് ഒരു പണവും നഷ്ടമായിട്ടില്ലെന്നും പാര്‍ട്ടിയുടെ കുടുംബയോഗങ്ങളില്‍ കണക്ക് അവതരിപ്പിക്കുമെന്നും രാഗേഷ് വ്യക്തമാക്കി.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക