Kannur
HomeNews

വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം; എംആർഐ സ്‌കാനിങ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

26 Feb 20261 മിനിറ്റ് വായന
വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം; എംആർഐ സ്‌കാനിങ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

 



കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമുണ്ടെന്നും എംആർഐ സ്‌കാനിങ് വേണമെന്നും മെഡിക്കൽ ബുള്ളറ്റിൻ. ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ടീം മന്ത്രിയെ വിശദമായി പരിശോധിച്ചതിന് ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

ആരോഗ്യമന്ത്രിക്കെതിരെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കെഎസ്‌യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആയിരുന്നു മന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി ആശുപത്രിയിൽ എത്തി.

മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്‌ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റെന്നത് നാടകമാണെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്.


പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും പോയിട്ടില്ലെന്ന് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇത് തന്നെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാദം. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാർത്താ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ വ്യക്‌തമാണെന്നും സതീശൻ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക