Kannur
HomeNews

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല

26 Feb 20261 മിനിറ്റ് വായന
കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല

 



കണ്ണൂരില്‍ കെഎസ് യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പരിയാരം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയില്‍ മാറ്റമില്ലെന്നും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെന്നുമാണ്  മെഡിക്കല്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

കെഎസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 

എംആര്‍ഐ സ്‌കാനില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടര്‍മാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതല്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നിരുന്നെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി.കുടുംബത്തോടൊപ്പം കഴിയണമെന്നും തിരുവനന്തപുരത്തേക്ക് ചികിത്സ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നുകൂടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

അതേസമയം, വീണാ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന പ്രചരണത്തില്‍ സ്പീക്കര്‍ എ. എന്‍ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് DGP യ്ക്ക് പരാതി നല്‍കി. എ.എന്‍ ഷംസീറിന്റെ ഗൂഡാലോചനഅന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ ഫോണ്‍ പരിശോധിക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആണ് പരാതി നല്‍കിയത്.

 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക