കണ്ണൂർ പുഷ്പോത്സവം നാളെ മുതൽ

കണ്ണൂർ:ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി കണ്ണൂർ പൊലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പാത്സവം 2026 വ്യാഴം വൈകിട്ട് ആറിന് കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കലക്ടർ അരുൺ കെ വി ജയൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ, മേയർ പി ഇന്ദിര എന്നിവർ മുഖ്യാതിഥികളാവും. സംസ്ഥാന കൃഷി അവാർഡ് ജേതാവ് എൻ വി രാഹുലിനെ ആദരിക്കും.
നഴ്സറി സ്റ്റാളുകളിൽ ചെടികളും മറ്റു നടീൽവസ്തുക്കളും ഔഷധസസ്യങ്ങളും ലഭ്യമാകും. ജൈവ വളം, മൺപാത്രങ്ങൾ എന്നിവയുടെ സ്റ്റാളുകളും സജ്ജീകരിക്കും. 12,000 ചതുരശ്ര അടിയിൽ വർണോദ്യാനം ഒരുക്കും. ആറളംഫാം, കരിമ്പം ഫാം, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, റെയ്‌ഡ്‌കോ എന്നിവയുടെ പവലിയനുകളും പുഷ്പോത്സ വനഗരിയിൽ ഒരുക്കും. ഫുഡ്കോർട്ടും കുട്ടികൾക്കുള്ള അമ്യൂസ്മെൻ്റ് പാർക്കും ഉണ്ടാകും.
മികച്ച നഴ്‌സറി ഡിസ്പ്ലേ തയ്യാറാക്കുന്ന സ്റ്റാൾ ഉടമകൾക്ക് പ്രത്യേക സമ്മാനം നൽകും. സെമിനാറുകൾ, ക്ലാസുകൾ, ഹരിത കർമസേനാംഗങ്ങളെ ആദരിക്കൽ, വനിതാകർഷക സംഗമം, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ സാന്ത്വനസംഗമംബഡ്‌സ് സ്‌കൂൾ കലോത്സവം, കുട്ടിക്കർഷക സംഗമം എന്നിവയുമുണ്ടാകും.
70 രൂപയാണ് പ്രവേശന ഫീസ്. അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി മൂന്നിന് സമാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനാകും. സിറ്റി പൊലീസ് കമീഷണർ നിതിൻ രാജ് മുഖ്യാതിഥിയാകും. മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്യും.
വാർത്താസമ്മേളനത്തിൽ പി വി രത്നാകരൻ, യു കെ പി നമ്പ്യാർ, കെ സി വത്സല, എം കെ മൃദുൽ, ടി പി വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് എന്നിവർ പങ്കെടുത്തു.





