ശരണ്യയുടെ വിധി ഇന്നറിയാം : അന്തിമ വിധി പ്രഖ്യാപനത്തിന് മണിക്കൂറുകൾ

തളിപ്പറമ്പ് :തയ്യിലിൽ ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ അമ്മ ശരണ്യയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ എൻ പ്രശാന്താണ് ശിക്ഷാവിധി പറയുക. പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.
അതേസമയം, ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നതിനാലാണ് കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇയാളെ വിവാഹം ചെയ്യാനായി കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
2020 ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂർ തയ്യിൽ കടപ്പുറത്തെ ശരണ്യ ഒന്നര വയസ്സുകാരനായ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ കുഞ്ഞിനെ കടലിനടുത്തുള്ള പാറക്കൂട്ടത്തില്‍ എറിഞ്ഞു കൊല്ലുകയും പിന്നീട് വീട്ടിലേക്ക് വന്ന് കിടന്നുറങ്ങുകയുമായിരുന്നു.
സംഭവ ദിവസംരാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് തൻ്റെ ഭര്‍ത്താവിനോട് പറഞ്ഞു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ, കൊലപാതക കുറ്റം അച്ഛൻ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായി തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിക്കുന്നതും അറസ്റ്റിലാകുന്നതും.





