കണ്ണൂർ പാനൂരിൽ അക്രമം: വിജയിച്ച യുഡിഎഫ് വനിതാ സ്‌ഥാനാർഥിക്കു പരുക്ക്

പാനൂർ (കണ്ണൂർ) തിരഞ്ഞെടുപ്പ് ചുവപ്പു മുഖംമൂടി ധരിച്ച്,ഫലപ്രഖ്യാപനത്തിനു പിന്നാലെ വടിവാളേന്തിയെത്തിയ സംഘം പാനൂർ മേഖലയിൽ അക്രമം അഴിച്ചുവിട്ടു. കൊലവിളി നടത്തി റോഡുകളിലും വീടുകളിലുമെത്തിയ സംഘം വീട്ടുമുറ്റത്തു നിർത്തിയിട്ട കാർ തകർത്തു. സ്‌കൂട്ടറുകളും മറ്റു വാഹനങ്ങളും ആക്രമിച്ചു. പാറാട് ടൗണിൽ സ്‌ഥാപിച്ച സിസിടിവി കാമറകളും തകർത്തിട്ടുണ്ട്. വെട്ടേറ്റ മുസ്‌ലിം ലീഗ് പ്രവർത്തകൻ ചെറുപ്പറമ്പിലെ രയരോത്ത് ഹാരിസിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറാട് ടൗണിലെ ലീഗ് അനുഭാവി ഷാനിദിനു നേരെയും ആക്രമണമുണ്ടായി.
പാനൂർ നഗരസഭയ്ക്ക തൊട്ടടുത്തുള്ള കുന്നോത്തുപറമ്പ് പഞ്ചായത്തിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. എൽഡിഎഫ് ഭരണമുണ്ടായിരുന്ന ഇവിടെ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിച്ചതാണ്. പാനൂർ നഗരസഭയുഡിഎഫ് നിലനിർത്തുകയും ചെയ്തു. ഇതേസമയം, പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് ഭരണമാണ്; ഇവിടെ പ്രതിപക്ഷമില്ല.
കുന്നോത്തുപറമ്പിലെ വിജയത്തെത്തുടർന്ന് യുഡിഎഫ് പ്രവർത്തകർ പാറാട് ടൗണിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനുനേരെയായിരുന്നു ആദ്യ ആക്രമണം. പിന്നീട്, പാനൂർ നഗരസഭയിലേക്കു ജയിച്ച യുഡിഎഫിലെ ശൈലജ മടപ്പുരയുടെ ആഹ്ലാദപ്രകടനത്തിനുനേരെയും ആക്രമണമുണ്ടായി. ഇവിടെ സിപിഎം സീറ്റ് 2 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ശൈലജ പിടിച്ചെടുത്തത്. പരുക്കേറ്റ ശൈലജയെ പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
നഗരസഭ നാലാം വാർഡിൽ വിജയിച്ച ലീഗ് റിബൽ സ്ഥാനാർഥിയുടെ സഹോദരൻ വി.ഹാരിസിനെയും ഒരു സംഘം ആക്രമിച്ചു. കാലിനു പരുക്കുകളോടെ ഹാരിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കൂലിൽ സിപിഎം പ്രവർത്തകർക്കും അക്രമത്തിൽ പരുക്കേറ്റു. സിപിഎം പ്രവർത്തക കുഞ്ഞിപ്പറമ്പത്ത് ശാന്തയുടെ വീട്ടിൽ കയറി യുഡിഎഫ് സംഘം ആക്രമണം നടത്തിയതായാണ് പരാതി. പരുക്കേറ്റ 4 സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊക്ലിയിൽ ബിജെപി സ്ഥാനാർഥി പി.പ്രവിജയുടെ വീടിനുനേരെ സിപിഎം ആക്രമണം നടത്തിയതായും പരാതിയുണ്ട്.





