കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം ഈ വർഷത്തെ തിരുവപ്പന മഹോത്സവം 2025 ഡിസംബർ 17 മുതൽ 2026 ജനുവരി 15 വരെ നടക്കും

കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം ഈ വർഷത്തെ തിരുവപ്പന മഹോത്സവം 2025 ഡിസംബർ 17 മുതൽ 2026 ജനുവരി 15 വരെ നടക്കും.എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് പൈങ്കുറ്റിയും ഊട്ടും വെള്ളാട്ടവും ഉണ്ടാകും.രാത്രി 9 മണിക്ക് തിരുവപ്പന.
തിരുവപ്പനക്ക് ശേഷം മുത്തപ്പൻ ആവശ്യപ്പെടുന്ന ദിനങ്ങളിൽ മൂലംപെററ ഭഗവതിയും തുടർന്ന് വെള്ളാട്ടവും ഉണ്ടാകും.
മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. ആദി മടപ്പുര എന്നാണ് പറയുക..കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ് കുന്നത്തൂർ പാടി.പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കാടിന്റെ ഉള്ളിലാണ് ഈ കാവ്. അവിടെ കെട്ടിടമോ ക്ഷേത്രമോ ഒന്നുമില്ല. ഒരു ചെറിയ പാറയിടുക്ക്. ഏതാണ്ട് ഗുഹ പോലെ തോന്നിക്കും. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഉത്സവസമയത്ത് മാത്രം അവിടെ വൃത്തിയാക്കി ഗുഹയുടെ മുന്നിലും വശങ്ങളിലും മെടഞ്ഞ ഓല കെട്ടി താത്‌കാലിക സംവിധാനമുണ്ടാക്കും . ഈ മടപ്പുരയുടെ മുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കി വേലികെട്ടും. പാടി ഉത്സവസമയത്ത് ദിവസം മുഴുവൻ പോകാമെങ്കിലും കാട്ടിൽ പ്രകൃതിദത്തമായ ഗാലറിയിലിരുന്ന് മഞ്ഞു കൊണ്ട് മുത്തപ്പനെ കാണുന്നതിന്റെ ആസാദിക്കാനായി രാത്രിയാണ് കൂടുതൽ ആളുകൾ വരുന്നത്.





