Kannur
HomeNews

വീട്ടുകിണറ്റിലെ വെള്ളത്തിൽ ഡീസൽ സാന്നിധ്യം കണ്ണൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പിലെ ചോർച്ചമൂലം

19 Dec 20251 മിനിറ്റ് വായന
വീട്ടുകിണറ്റിലെ വെള്ളത്തിൽ ഡീസൽ സാന്നിധ്യം കണ്ണൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പിലെ ചോർച്ചമൂലം


കണ്ണൂർ: പള്ളിക്കുന്ന് ജയ് ജവാൻ റോഡിലെ വീട്ടുകിണറ്റിൽ ഡീസൽ മണം അനുഭവപ്പെട്ടത് സെൻട്രൽ ജയിൽ പെട്രോൾ പമ്പിൽ നിന്നുള്ള ചോർച്ചയെ തുടർന്നാണെന്ന് കണ്ടെത്തി. ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ പമ്പിൽ നടത്തിയ പരിശോധനയിലാണ് ഡീസൽ ടാങ്കിലെ നോസിലിൽ ചോർച്ച ഉണ്ടായതായി കണ്ടെത്തിയത്. ഇന്ത്യൻ ഓയിൽ വിദഗ്‌ധരുടെ നേതൃത്വത്തിൽ ചോർച്ച പരിഹരിച്ചു. ടാങ്കിന് ചോർച്ചയുള്ളതായി കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ശനിയാഴ്‌ച മുതലാണ് ജയ് ജവാൻ റോഡിലെ ചാത്തോത്ത് ഹൗസിൽ റിട്ട. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സുരേന്ദ്രന്റെ വീട്ടുകിണറിലെ ജലത്തിന് ഡീസലിന്റെ മണം അനുഭവപ്പെട്ടത്. തീപ്പെട്ടി ഉപയോഗിച്ച് തീ കൊളു ത്തിയപ്പോൾ കത്തുന്നതായും ശ്രദ്ധയിൽപെട്ടു. കൂടാതെ കിണർ വെള്ളത്തിനു മുകളിൽ ഓയിൽ തെളിഞ്ഞു നിന്നിരുന്നു. സെൻട്രൽ ജയിലിന്റെ പെട്രോൾ പമ്പ് വീട്ടിൽനിന്ന് 300 മീറ്റർ മാത്രം അകലെയാണ്. തുടർന്ന് വീട്ടുകാരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ജയിൽ സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.

ജയിൽ സൂപ്രണ്ടിന്റെ നിർദേശ പ്രകാരമാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. നിലവിൽ കിണർ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്. കിണറ്റിൽ ഗന്ധം അനുഭവപ്പെടുന്നതിനു 4 ദിവസം മുൻപുവരെ ശുദ്ധജലം ലഭിച്ചിരുന്നു. ഡീസൽ ഗന്ധം അനുഭവപ്പെട്ടതോടെ അയൽവീട്ടിലെ കിണറാണ് വീട്ടുകാർ ആശ്രയിക്കുന്നത്. വെള്ളത്തിൽ ഇന്ധനം കലർന്നതോടെ വീട്ടു പരിസരത്താകെ ഡീസലിന്റെ ഗന്ധമാണ്. വെള്ളം പൂർണമായി നീക്കി ശുചീകരിച്ച് ദിവസങ്ങൾ കഴിഞ്ഞാലേ കിണർ വെള്ളം ഉപയോഗിക്കാൻ സാധിക്കൂ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക