തലശേരിയിലെ അസ്ഥികൂടം സ്ത്രീയുടേത്; കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

തലശേരി: പണി പൂർത്തിയാകാത്ത കെട്ടിടത്തില്‍നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ എഴുപത്തിയേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂബിലി റോഡില്‍ കാന്തലാട്ട് പള്ളിക്കു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള കുഴിയില്‍നിന്നാണ് ഇന്നലെ രാത്രിയില്‍ അസ്ഥികൂടവും സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ആറു മാസം മുമ്ബ് കാണാതായ സേലം ആത്തൂർ സ്വദേശിനി ധനുകോടിയുടെ (63) മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ധനുകോടിയുടെ ഭർത്താവ് അമ്ബഴകനെ (77) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അമ്ബഴകൻ-ധനുകോടി ദമ്ബതികള്‍ തലശേരിയിലാണ് താമസിച്ചിരുന്നത്. ഇവർക്ക് നാല് മക്കളാണ്.
രണ്ട് മക്കള്‍ പഴയങ്ങാടിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ട്. രണ്ട് പേർ സേലത്താണുള്ളത്. ആറു മാസം മുമ്ബാണ് ധനുകോടിയെ കാണാതായത്. അമ്ബഴകൻ ഒറ്റയ്ക്ക് മക്കളെ കാണാൻ പഴയങ്ങാടിയില്‍ ചെന്നിരുന്നു. അന്ന് അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അമ്മയെ പൈസ കൊടുത്ത് നാട്ടിലയച്ചുവെന്നാണ് അമ്ബഴകൻ മക്കളോടു പറഞ്ഞത്. സംശയം തോന്നിയ മക്കള്‍ നാട്ടില്‍ അന്വേഷിച്ചുവെങ്കിലും അവിടെ എത്തിയിട്ടില്ല എന്ന് മനസിലായി. മദ്യപിച്ചു ലക്ക് കെട്ടപ്പോള്‍ ഒരിക്കല്‍ അമ്ബഴകൻ, തന്റെ മദ്യം എടുത്തു കുടിച്ച ഭാര്യയെ കൊന്നുവെന്നു പറഞ്ഞ വിവരവും ഇതിനിടയില്‍ പുറത്തു വന്നു.
ഒരു മകൻ ജോത്സ്യനെ കണ്ട് അമ്മയെക്കുറിച്ച് അന്വേഷിച്ചെന്നും അമ്മ ജീവിച്ചിരിക്കുന്നില്ലെന്നും ജ്യോത്സ്യൻ പറഞ്ഞത്രേ. ഇതോടെ മക്കളില്‍ സംശയം വർധിച്ചു. തുടർന്ന് മക്കള്‍ പഴയങ്ങാടിയില്‍നിന്നു തലശേരിയില്‍ എത്തുകയും അച്ഛനെ കൂട്ടി അവർ താമസിച്ചിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ പരിശോധ നടത്തുകയും ചെയ്തപ്പോഴാണ് തലയോട്ടിയും സാരിയും കണ്ടെത്തിയത്. ഇതേത്തുടർന്ന് മക്കളും അച്ഛനും തമ്മില്‍ വാക്കേറ്റവും ബഹളവും ഉണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അസ്ഥികൂടം കിടന്ന സ്ഥലത്ത് കാവല്‍ ഏർപ്പെടുത്തുകയും അമ്ബഴകനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സംഭവ സ്ഥലത്തു ഫോറൻസിക് സംഘം പരിശോധന നടത്തി. പോലീസ് അന്വേഷണം ഊർജിതമാക്കി





