കണ്ണൂരിൽ കോർപറേഷൻ മൾട്ടി ലെവൽ പാർകിങ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കണ്ണൂർ നഗരത്തിലെ വാഹന പാർകിങിന് പരിഹാരമായി കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നിർമിച്ച മൾട്ടി ലെവൽ കാർ പാർകിങ് കേന്ദ്രം ഉദ്ഘാടനം കെ. സുധാകരൻ എം.പി നിർവഹിച്ചു. ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്ാരക സ്തൂപത്തിനു സമീപത്താണ് മൾട്ടിലവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയത്.
ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരത്തിൽ വാഹനങ്ങൾക്ക് ആവശ്യത്തിന് വാഹനം പാർക് ചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്‌നം മൾട്ടിലെവൽ പാർകിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹാരമായെന്ന് മേയർ പറഞ്ഞു. ജവഹർ സ്റ്റേഡിയത്തിനു സമീപം ആറു നിലകളിലായി നാലുയൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31വീതം കാറുകൾ പാർക്ക് ചെയ്യാം.
കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്കും പാർക്ക് ചെയ്യാം.പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള അതിനൂതന മൾട്ടിലവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ കരാറെടുത്ത് പൂർത്തിയാക്കിയത്. 12.4 കോടി രൂപചെലവിലാണ് പാർകിങ് കേന്ദ്രങ്ങൾ നിർമിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കമെത്തുന്ന യാത്രക്കാർക്ക് കാർ പാർകിങ് കേന്ദ്രം ഏറെ ഉപകാരപ്പെടും.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ.രാഗേഷ്, പി.ഷമീമ, എം.പി. രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്‌തീൻ, മുൻ മേയർ ടി. ഒ മോഹനൻ,ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, സി.പി.എം പ്രതിനിധി ഒ.കെ വിനീഷ്, എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.സി ജസ്വന്ത്, കമ്പനി പ്രതിനിധി പരാഗ് എന്നിവർ പങ്കെടുത്തു.





