Kannur
HomeNews

ഗോവയിൽ വാഹനാപകടം; അഗ്നിവീർ നാവികസേനാംഗമായ കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

23 Oct 20251 മിനിറ്റ് വായന
ഗോവയിൽ വാഹനാപകടം; അഗ്നിവീർ നാവികസേനാംഗമായ കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു


ഗോവയിലെ അഗസ്സൈമിൽ ബുധനാഴ്‌ച പുലർച്ചെ ഒന്നോടെയുണ്ടായ ബൈക്ക് അപകടത്തിൽ മലയാളികളായ രണ്ട് അഗ്നിവീർ നാവികസേനാംഗങ്ങൾ മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടിൽ പ്രസന്നകുമാറിന്റെ മകൻ ഹരിഗോവിന്ദ് (22), കണ്ണൂർ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.


കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്നു ഗോവയിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയിൽ അഗസയിമിനും, ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം.

അവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണ് ലഭിച്ച വിവരം. ചൊവ്വാഴ്ചയാണ് ഹരിയുൾപ്പെടെയുള്ള സേനാംഗങ്ങൾ നാവികസേനയുടെ കപ്പൽമാർഗം ഗോവയിലെത്തിയത്. നാലുവർഷത്തെ അഗ്ന‌ിവീർ സേവനത്തിന്റെ മൂന്നാംവർഷത്തിലായിരുന്നു.


മൃതദേഹം ഗോവ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച രാവിലെ നേവി ഉദ്യോഗസ്ഥർ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഹരിഗോവിന്ദിന്റെ ബന്ധുക്കൾ ഗോവയിലേക്ക് പുറപ്പെട്ടു. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹെഡ് നഴ്സായ പി.കെ. ഷീജയാണ് ഹരിഗോവിന്ദിൻ്റെ അമ്മ. സഹോദരി: ഡോ. അനന്യ പ്രസന്നൻ.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക