Kannur
HomeNews

കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തൽ

3 Oct 20251 മിനിറ്റ് വായന
കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തൽ


ഇരിക്കൂർ കല്യാട്ട് നാലു ലക്ഷം രൂപയും 30പവൻ സ്വർണവും മോഷണം പോവുകയും യുവതി കൊല്ലപ്പെടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിയെ പൊലീസ് പിടികൂടി. കർണാടക സിംഗപട്ടണം സ്വദേശി മഞ്ജുനാഥ് ആണ് പിടിയിലായത്. കൊല്ലപ്പെട്ട ദർശിതയോട് പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് താൻ വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.


ആഗസ്ത് 22നാണ് സിബ്‌ഗ കോളജിനു സമീപം പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിൽ മോഷണം നടന്നത്. ഇതിന് പിന്നാലെ സുമതയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിത(22)യെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു. പണവും സ്വർണവുമെടുത്ത് പോയ ദർശിതയെ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു.

മോഷണമുതൽ കണ്ടെത്താനുള്ള ഇരിക്കൂർ പൊലീസിൻ്റെ അന്വേഷണമാണ് ഇപ്പോൾ പൂജാരി മഞ്ജുനാഥിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. ഇയാൾക്ക് ദർശിത പണം നൽകുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു. ദർശിതയുടെ വീട്ടിലെ പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ വാങ്ങിയെന്നാണ് പൂജാരി മൊഴി നൽകിയത്. ഇത് പൊലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല.


കവർച്ച നടന്ന സുമതയും മറ്റൊരു മകൻ സൂരജും ചെങ്കൽപണയിൽ ജോലിക്ക് പോയതായിരുന്നു. ഇതിന് പിന്നാലെയാണ് ദർശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയത്. സുമത വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ തന്നെ ദർശിതയെ ഫോൺ വിളിച്ചപ്പോൾ രണ്ടു ദിവസം കഴിഞ്ഞുവരാമെന്ന് പറഞ്ഞു.

ഫോണെടുത്തപ്പോൾ മറ്റാരോടോ സംസാരിക്കുന്നത് കേൾക്കാമായിരുന്നെന്നും ഇവർ പറഞ്ഞു. തുടർന്ന് ദർശിതയോട് വിവരങ്ങൾ അന്വേഷിക്കാൻ പോലീസ് ബന്ധപ്പെട്ടപ്പോൾ ലഭ്യമായിരുന്നില്ല. പിന്നീടാണ് ഇവരെ കർണാടകയിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ആൺസുഹൃത്ത് സിദ്ധരാജുവാണ് കൊലപ്പെടുത്തിയത്. ക്വാറികളിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ ദർഷിതയുടെ വായിൽ തിരുകി പൊട്ടിച്ചായിരുന്നു കൊലപാതകം.

തല പൂർണമായും തകർന്ന നിലയിലായിരുന്നു. മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീർക്കാൻ ഇതിലാണ് ഡിറ്റണേറ്റർ കണക്ട‌് ചെയ്‌തതെന്നും സിദ്ധരാജു മൊഴി നൽകി. ദർശിത ഭർത്താവിനൊപ്പം ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതും കടം നൽകിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിനുള്ള പ്രകോപനമത്രെ.


 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക