Kannur
HomeNews

പരീക്ഷണം വിജയകരം: കണ്ണൂരിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം ഈ മാസം 20നകം നാടിന് സമർപ്പിക്കും

6 Oct 20251 മിനിറ്റ് വായന
പരീക്ഷണം വിജയകരം: കണ്ണൂരിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം ഈ മാസം 20നകം നാടിന് സമർപ്പിക്കും


                                         

കണ്ണൂർ: ഒടുവില്‍ ആശ്വാസം. നഗരത്തിലെ റോഡരികില്‍ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനായി ഒരുക്കിയ മള്‍ട്ടിലെവല്‍ കാർ പാർക്കിംഗ് സംവിധാനം പ്രവർത്തന സജ്ജമായി.


കണ്ണൂർ പോലിസ് മൈതാനത്തിന് സമീപം സജ്ജമാക്കിയ മള്‍ട്ടിലെവല്‍ പാർക്കിംഗ് കേന്ദ്രത്തില്‍ ഒരേ സമയം124 കാറുകള്‍ക്ക് പാർക്ക് ചെയ്യാം. ഒക്ടോബർ 20 നകം പാർക്കിംഗ് സംവിധാനം തുറന്നുകൊടുക്കു മെന്ന് മേയർ മുസ്‌ലിഹ് മഠത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഏഴുവർഷത്തെ ഇടവേളക്കു ശേഷമാണ് കണ്ണൂരില്‍ മള്‍ട്ടിലെവല്‍ കാർ പാർക്കിംഗ് സംവിധാനം ഒടുവില്‍ പ്രവർത്തന സജ്ജമായത്. കേന്ദ്രസർക്കാരിന്‍റെ അമൃത് പദ്ധതിയില്‍ പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. 2018 ല്‍ ആണ് പ്ലാൻ അംഗീകരിച്ചത്. 2020 ല്‍ നിർമാണം തുടങ്ങി. എട്ടു കോടിയിലേറെ തുകയാണ് ചെലവായത്. പൂനെയിലെ നിർമാണ ചുമതലയുള്ള കമ്ബനിയുമായി ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉയർന്നതോടെയാണ് മള്‍ട്ടിലെവല്‍ കാർ പാർക്കിംഗ് സംവിധാന നിർമാണം താത്കാലി കമായി നിലച്ചത്.


എന്നാല്‍ പ്രശ്നങ്ങളെല്ലാം തീർത്ത് നിലവില്‍ മള്‍ട്ടിലെവല്‍ കാർ പാർക്കിംഗ് സംവിധാനം പൂർണ സജ്ജമായി കഴിഞ്ഞു. ശനിയാഴ്ച രാവിലെ മേയർ മുസ്‌ലിഹ് മഠത്തില്‍, ഡെപ്യുട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സൂപ്രണ്ടിംഗ് എൻജിനിയർ കെ. ചന്ദ്രൻ, എക്സിക്യൂട്ടീവ് എൻജിനിയർ ജസ്വന്ത് എന്നിവരുടെ നേതൃത്വത്തില്‍ കാർ പാർക്കിംഗ് സംവിധാനം പരിശോധിച്ചു പൂർണ തൃപ്തി രേഖപ്പെടുത്തി.


20 നകം പാർക്കിംഗ് സംവിധാനം തുറന്നു കൊടുക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു. കണ്ണൂർ നഗരത്തിലെ നീറുന്ന പാർക്കിംഗ് പ്രശ്നത്തിന് ഇതോടെ ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍.


പ്ലാസയില്‍ രാജേന്ദ്ര പാർക്കിനടുത്ത് മറ്റൊരു മള്‍ട്ടിലെവല്‍ കാർ പാർക്കിംഗ് സംവിധാനം കൂടി പൂർത്തിയായി വരുന്നുണ്ട്. ഇതും ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക