കൊട്ടിലയിൽ വയോജന സംഗമം സംഘടിപ്പിച്ചു

ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച് കൊട്ടില കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വയോജന സംഗമം സംഘടിപ്പിച്ചു.
പരിപാടി കാരുണ്യ രക്ഷാധികാരി എം.വി.ഗോവിന്ദൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻ ഫെഡ് ) സംസ്ഥാനവൈസ് ചെയർമാനും ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്റർ ഡയരക്ടറുമായ വി.ആർ.വി. ഏഴോം ഉദ്ഘാടനം ചെയ്തു.
അറുപത് വയസ് പിന്നിട്ട അനുഭവജ്ഞാനമുള്ളവരെ കേവലം വയോജന പേരിൽ ഒതുക്കുന്നത് ശരിയല്ലെന്നും അത്അവരിൽ ഉണ്ടാവാനിടയുള്ള വിഷാദ ഭാവത്തിന് ആക്കം കൂട്ടാനെ ഉപകാരപ്പെടുകയുള്ളുവെന്നും പകരം നവലോകം അവർക്ക് നൽകിയിട്ടുള്ള മുതിർന്ന പൗരൻ എന്ന പേര് ഉപയോഗിച്ച് അവരുടെ ആത്മാഭിമാനം വളർത്തുകയാണ് ഉചിതമെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
പ്രായം കൂടുംതോറും തങ്ങളെ ഒന്നിനും കൊള്ളില്ല എന്ന മിഥ്യാധാരണ മാറ്റാനും ഈ മുതിർന്ന പൗര സ്ഥാനം ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന പൗരന്മാരുടേയും മാതാപിതാക്കളുടേയും സംരക്ഷണ നിയമവും മുതിർന്ന പൗരന്മാർക്കുള്ള സുരക്ഷാ പദ്ധതികളും പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു.
പ്രമുഖ നാടൻ പാട്ട് കലാകാരൻ റംഷി പട്ടുവം വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രശസ്തമാധ്യമ പ്രവർത്തകൻ എം.കെ. മനോഹരൻ ആശംസാ പ്രസംഗം ചെയ്തു
കാരുണ്യ ചെയർമാൻ പി.വി. ബാലകൃഷ്ണൻ മാസ്റ്റരുടെ നേതൃത്വത്തിൽ കൊട്ടില പ്രദേശത്തെ 80 പിന്നിട്ട മുതിർന്ന പൗരന്മാരെആദരിച്ചു. ട്രസ്റ്റ് സിക്രട്ടരി യു.പി.വി.യശോദ ടീച്ചർ സ്വാഗതവും പ്രസിഡണ്ട് എം.വി. ലക്ഷ്മി നന്ദിയും പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ വിവിധ കലാപരിപാടികളും ഉണ്ടായി.





