വളപട്ടണം പാലത്തിൽ ട്രെയിൻ അപായച്ചങ്ങല വലിച്ച് നിർത്തി-രക്ഷകനായത് ടിക്കറ്റ് എക്സാമിനർ

കണ്ണൂർ: യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്നു കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ നിന്ന ട്രെയിനിനെ അപകടത്തിൽപ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടൽ.
പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം പി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തി കൈയടി നേടിയത്.പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടടർ ആയ എം പി രമേഷ് (39) പാലക്കാട് കൽപാത്തി അംബികാപുരം ഉത്തരം നിവാസിലെ മണിയുടെയും ബേബി സരോജയുടെയും മകനാണ്.
ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞദിവസം പുലർച്ചെ 3.45ന് തിരുവനന്തപുരം നോർത്ത് -മംഗളൂരു ഓണം സ്പെഷൽ (06042) ട്രെയിനാണ് പുഴയ്ക്കു നടുവിൽ പാലത്തിനു മുകളിൽ നിന്നത്.
യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്നായിരുന്നു ട്രെയിൻ നിന്നത്.എസ് വൺ കോച്ചിൽ നിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്.ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു.നിന്നു പോയ ട്രെയിൻ വീണ്ടും ഓടാൻ പ്രഷർ വാൽവ് പൂർവസ്ഥിതിയിലാക്കണം.ട്രെയിൻ പാലത്തിനു മുകളിൽ ആയതിനാൽ വശങ്ങളിലൂടെ ഇറങ്ങി വാൽവ് സെറ്റ് ചെയ്യാനായില്ല.ഗാർഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാൻ ആകാത്ത സാഹചര്യവും.രണ്ടും കൽപിച്ചു കോച്ചുകൾക്കിടയിലെ വെസ്റ്റിബൂൾ വഴി രമേഷ് കോച്ചിനടിയിൽ ഇറങ്ങി.
ഇരുട്ടത്തു കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മാത്രമായിരുന്നു ആശ്രയം.തുടർന്നു ടോർച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാർഡും വേണ്ട നിർദേശങ്ങൾ നൽകി.ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ രമേഷ് പ്രഷർ വാൽവ് പൂർവസ്ഥിതിയിൽ എത്തിച്ചു.8 മിനിറ്റിനു ശേഷം ട്രെയിൻ യാത്ര തുടർന്നു.
പാലത്തിനു മുകളിൽ കൂടുതൽ നേരം ട്രെയിൻ നിൽക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കും.ഈ സാഹചര്യമാണ് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്.
തന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രമേഷിനെ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ പാലക്കാട് ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് കെ ആർ ലക്ഷ്മി നാരായണൻ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ യോഗം പാലക്കാട്ട് അഭിനന്ദിച്ചു.





