Kannur
HomeNews

ആറളത്ത് വിദ്യാര്‍ഥിയെ ആന ഓടിച്ചു; അദ്ഭുത രക്ഷപ്പെടല്‍

19 Sept 20251 മിനിറ്റ് വായന
ആറളത്ത് വിദ്യാര്‍ഥിയെ ആന ഓടിച്ചു; അദ്ഭുത രക്ഷപ്പെടല്‍

 

ഇരിട്ടി: ആറളം പുനരധിവാസ മേഖലയില്‍ ബ്ലോക്ക് ഒമ്പതില്‍ വിദ്യാർഥിയെ ആന ഓടിച്ചു. ഇന്നലെ രാവിലെ 7.30 തോടെയായിരുന്നു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ.ആദിത്താണ് (17) ആനയുടെ മുമ്പിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. ആദിത്തിന് നേരെ ആന ചിഹ്നം വിളിച്ച്‌ ഓടിയടുക്കുകയായിരുന്നു.

ആന വരുന്നതു കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. കാക്കയങ്ങാടുള്ള ഐടിഐയിലെ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുമ്പില്‍പെട്ടത്. ആനയുടെ ചിഹ്നം വിളി കേട്ടതും ഓടി സമീപത്തെ വീട്ടിലേക്ക് കയറിയതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നാണ് ആദിത്ത് പറയുന്നത്.

തന്നെ പോലെ ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉള്‍പ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിലാണ് ആനകള്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്നതെന്ന് ആദിത്ത് പറയുന്നു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.

ഇന്നലെ രാവിലെ പൂക്കുണ്ട് മേഖലയില്‍ കണ്ടിരുന്ന കാട്ടാനയാണ് ആദിത്തിനെ ഓടിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൂക്കുണ്ട് മേഖലയില്‍ കണ്ട ആന വനത്തിലേക്ക് കയറിപ്പോകാതെ തിരികെ ജനവാസ മേഖലയിലേക്ക് വന്നു എന്നാണ് ഇവർ പറയുന്നത്. ഒരാള്‍ ഉയരത്തില്‍ വളർന്നുനില്‍ക്കുന്ന തെരുവക്കാട് ആനകളുടെ താവളമാണ്. ആന നില്‍ക്കുന്നത് അടുത്തെത്തിയാല്‍ പോലും തിരിച്ചറിയാൻ കഴിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആറുമാസം മുമ്പ് ബ്ലോക്ക് 13 ല്‍ വെള്ളി-ലീല ദമ്പതികള്‍ കൊല്ലപ്പെട്ടപ്പോള്‍ അടിക്കാടുകള്‍ വെട്ടിത്തെളിക്കണമെന്ന തീരുമാനം പണം ഇല്ലെന്ന കാരണം കാണിച്ച്‌ നിർത്തിവച്ചിരിക്കുകയാണ്. അന്ന് തെളിച്ച മേഖല ഉള്‍പ്പെടെ വീണ്ടും കാടുകയറി മൂടിയിരിക്കുകയാണ്. വനത്തിലേക്ക് തുരത്തുന്ന ആനകള്‍ അന്നുതന്നെ ജനവാസ മേഖലയില്‍ തിരിച്ചെത്തുകയാണ്. താത്കാലിക സോളാർ വേലി തകർത്താണ് ആനകള്‍ വീണ്ടും എത്തുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക