മാതമംഗലം പാണപ്പുഴയിൽ പെരുമ്പാമ്പ് തീറ്റക്കാർ അറസ്റ്റിൽ

തളിപ്പറമ്പ്: പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ അറസ്റ്റിൽ.മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പിൽ വീട്ടിൽ ഒ.കെ.പ്രഭാകരൻ്റെ മകൻ യു.പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി വീട്ടിൽ സി.ബിനീഷ്(37) എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഓഫിസർ പി. വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.
റെയിഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി.രാജീവൻ. എം.വീണ. ഡ്രൈവർ ആർ.കെ.രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടുപരിസരത്തു വെച്ച് പിടികൂടിയത്.
വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂൾ 1 ൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.പ്രതികളെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.





