കണ്ണൂരിൽ ചാരായവുമായി അറസ്റ്റിലായ ആളുടെ വീട്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കും ഷെഡിനും അജ്ഞാതർ തീയിട്ടു

പയ്യന്നൂർ:കഴിഞ്ഞ ദിവസം വാറ്റ് ചാരായവുമായി അറസ്റ്റിലായ ആളുടെ ഓട്ടോറിക്ഷയ്ക്കും ഷെഡിനും അജ്ഞാതർ തീവെച്ചു. രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരവിള പുത്തൻവീട്ടിൽ സജീവിന്റെ ഓട്ടോറിക്ഷയ്ക്കും വീടിന് പിറകിലെ ഷെഡിനുമാണ് തീയിട്ടത്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
ഷെഡിന് തീപിടിക്കുന്നത് കണ്ട് തീയണച്ചതിനാൽ ഷെഡ് പൂർണമായി കത്തിയില്ല. എന്നാൽ ഷെഡ് കത്തിച്ച ശേഷം അജ്ഞാതർ വീടിന് മുന്നിൽ എത്തി നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും തീവെച്ചു. വാറ്റുചാരായം പിടിച്ച സംഭവത്തിൽ സജീവ് റിമാൻഡിലായിരുന്നതിനാൽ വീട്ടിൽ ആരുമില്ലായിരുന്നു. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.
കഴിഞ്ഞ ബുധനാഴ്‌ച വൈകീട്ട് പയ്യന്നൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ദിനേശനും സംഘവും നടത്തിയ പരിശോധനയിൽ വീടിന് സമീപത്തെ ഷെഡിൽ ചാരായനിർമാണത്തിനായി സൂക്ഷിച്ച 80 ലിറ്റർ വാഷും 40 ലിറ്റർ വാറ്റുചാരായവും സഹിതമാണ് സജീവിനെ അറസ്റ്റ് ചെയ്തിരുന്നത്.
ഈ ഷെഡിനാണ് തീവെച്ചത്. ഒട്ടോറിക്ഷയിലാണ് ചാരായം വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതെന്ന ആരോപണവുമുയർന്നിരുന്നു. മുൻപ് രണ്ട് അബ്കാരി കേസുകളിലെ പ്രതി കൂടിയായ സജീവിനെതിരേയുള്ള മൂന്നാമത്തെ കേസാണിത്.





