മഞ്ഞപ്പിത്ത വ്യാപനത്തിന് എതിരെ ജാഗ്രത

കണ്ണൂർ: ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനത്തിന് എതിരെ ആരോഗ്യ വകുപ്പ് അതിശക്തമായ നടപടി സ്വീകരിച്ച് വരികയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഭക്ഷണ കുടിവെള്ള വിതരണം മഞ്ഞപ്പിത്ത രോഗ വ്യാപനത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിനായി വലിയ അളവിൽ ഐസ് ആവശ്യമാണ്. എന്നാൽ ഗാർഹിക ആവശ്യത്തിന് മാത്രമുള്ള അളവിലുള്ള ഭക്ഷ്യ യോഗ്യമായ ഐസ് മാത്രമെ ജില്ലയിൽ ഉത്പാദിപ്പിക്കുന്നുള്ളു.
ആവശ്യത്തിന് ഭക്ഷ്യ ഐസ് ലഭ്യമല്ല എന്നതിനാൽ അത്തരം ആവശ്യക്കാർ വാണിജ്യ ഐസ് ഉപയോഗിച്ച് തണുത്ത പാനീയങ്ങൾ തയ്യാറാക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം കിണറുകളിൽ നിന്നും മറ്റ് കുടിവെള്ള സ്രോതസ്സുകളിൽ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം നേരിട്ട് എടുത്ത് തയ്യാറാക്കാനും സാധ്യതയുണ്ട്.
ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഹെപറ്റൈറ്റിസ് എ കേസുകളിൽ നല്ലൊരു ശത്മാനം ഇത്തരത്തിലാണ് പകർന്നിട്ടുള്ളത്. അതോടൊപ്പം രോഗമുള്ളവർ ഭക്ഷണ വിതരണം നടത്തിയതിന്റെ ഭാഗമായി ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡ് ഉള്ളവർ മാത്രമേ ഭക്ഷണ കുടിവെള്ള വിതരണം നടത്താൻ പാടുള്ളൂ എന്നും അതും കയ്യുറ ധരിച്ച് കൊണ്ടും മാത്രമേ പാടുള്ളൂ എന്നുമാണ് നിഷ്കർഷിച്ചിട്ടുള്ളത്.





