Kannur
HomeNews

റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു

21 Sept 20251 മിനിറ്റ് വായന
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു

 


കണ്ണൂര്‍: പാതിരാത്രി ആറര മണിക്കൂര്‍ കൊണ്ട് രണ്ട് കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.


മണിക്കൂറുകള്‍ക്കകം പാളം ഇട്ട് ഉറപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി ഏഴിമല റെയില്‍ പാലം ട്രെയിന്‍ സര്‍വീസിന് തുറന്ന് കൊടുത്തു.


അഡീഷനല്‍ ഡിവിഷന്‍ മാനേജര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ചീഫ് എന്‍ജിനീയറും സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയറും ഡപ്യൂട്ടി എന്‍ജിനീയറും ഉള്‍പ്പെട്ട റെയില്‍വേയുടെ ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളുമാണ് റെക്കോര്‍ഡ് വേഗത്തില്‍ പണി തീര്‍ത്തത്.


രാത്രി ഒൻപതിന് ജോലി തുടങ്ങി 4.30ന് ഇരുഭാഗത്തുമായി രണ്ട് കിലോമീറ്റര്‍ ദൂരം റെയില്‍ പാത നിര്‍മിച്ച് പുതിയ പാലവുമായി ചേർക്കുകയായിരുന്നു. 4.56ന് പാലത്തിലൂടെ ആദ്യ ഗുഡ്‌സ് ട്രെയിന്‍ കടത്തിവിട്ടു.


തുടര്‍ന്ന് 5.35ന് യാത്രക്കാരുമായുള്ള പോര്‍ബന്തർ എക്‌സ്പ്രസും കടന്ന് പോയി. ശേഷം കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പാലത്തിലൂടെ വേഗം കുറച്ച് കടന്ന് പോകാന്‍ തുടങ്ങി.


പാതയുടെ പണി നടക്കുമ്പോള്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, മംഗള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഒന്നാം ട്രാക്കിലൂടെ കടത്തി വിട്ടു. 1906ല്‍ നിര്‍മിച്ച ചങ്കുരിച്ചാല്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചത്.


രണ്ടുവര്‍ഷം മുന്‍പ് പാലം പണി പൂര്‍ത്തിയായെങ്കിലും ഇതിനെ ബന്ധിപ്പിച്ച് കൊണ്ട് റെയില്‍പാത നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാല്‍ പാലം തുറക്കുന്നത് വൈകി. നിലവില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള റെയില്‍ പാതയില്‍ നിന്നാണ് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പാത വെള്ളിയാഴ്ച രാത്രി നിര്‍മിച്ചത്.


7 മണിക്കൂറാണ് നിര്‍മാണത്തിന് അനുവദിച്ചത്. നിലവില്‍ രണ്ടാമത്തെ ട്രാക്കാണ് പുതിയ പാലവുമായി ബന്ധിപ്പിച്ചത്.


24ന് രാത്രിയില്‍ പഴയ പാലത്തിലൂടെ കടന്ന് പോകുന്ന ഒന്നാം ട്രാക്ക് പുതിയ പാലവുമായി ബന്ധിപ്പിക്കും. ഇതോടെ 1906ല്‍ പണിത പഴയ ചങ്കുരിച്ചാല്‍ പാലം ഒഴിവാക്കും. പിന്നീട് അത് പൊളിച്ച് നീക്കുകയും ചെയ്യും.






ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക