ഈ വർഷം 4200 ഡെങ്കിപ്പനി കേസുകൾ,ഹോട്ട്സ്പോട്ടായി കണ്ണൂർ നഗരം

ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 4200 ഡങ്കിപ്പനി കേസുകൾ. ജില്ലയിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ കണക്കാണിത്. നാലു പേർ ഇതിനോടകം മരിക്കുകയും ചെയ്തു. നിലവിൽ കണ്ണൂർ നഗരം ഡങ്കിപ്പനിയുടെ ഹോട്ട്സ്പോട്ടാണ്.
കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ മലയോര മേഖലകളിൽ വ്യാപകമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടലുകൾക്കൊടുവിൽ അത് നിയന്ത്രണ വിധേയമായപ്പോഴാണ് കണ്ണൂർ നഗരത്തിലുൾപ്പെടെ അസുഖം വ്യാപിക്കുന്നത്. തളിപ്പറമ്പിലും രോഗം വ്യാപിച്ചിരുന്നു. ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ഫ്ളാറ്റുകളിലും അകത്ത് വച്ചിട്ടുള്ള ചെടിച്ചട്ടികളും മറ്റും വ്യാപനം കൂടാനുള്ള കാരണമായി കണക്കാക്കുന്നുണ്ട്. ഇവയാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രമെന്നാണ് നിഗമനം. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ ഫോഗിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അകത്ത് വച്ചിട്ടുള്ള ചെടിച്ചട്ടികൾ നീക്കാനും നിർദ്ദേശമുണ്ട്. ഇതിനുപുറമെ നഗരത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കാനും മാലിന്യം കെട്ടികിടക്കാതെ നോക്കാനുമുള്ള നിർദ്ദേശവുമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫോഗിംഗ് ചെയ്യുന്നുണ്ട്.





