തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കണ്ണൂർ: തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. എഡിഎം കലാ ഭാസ്‌കറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന് പിന്നാലെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഒകെയുപി സ്‌കൂളിന് സമീപം അടച്ച ദേശീയ പാത താത്കാലികമായി തുറന്നു കൊടുക്കാൻ ധാരണയായി. 11ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയ പാതാ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയശേഷം പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കാമെന്നും യോഗത്തിൽ ധാരണയായി. ആറുവരി ദേശീയ പാത നിർമാണത്തിനു വേണ്ടി നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിലെ സ്വകാര്യബസുകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഏഴാം ദിവസത്തിലേക്ക് കടന്നിരുന്നു.
ദേശീയ പാത അടച്ചതിനെത്തുടർന്ന് തിരിച്ചു വിട്ട വഴിയിലൂടെ ഓടാനാവില്ലെന്നറിയിച്ചാണ് ബസുകൾ ഓട്ടം നിർത്തിയത്. കണ്ണൂരിൽ നിന്ന് ചാല വഴി തലശ്ശേരിയിലേക്ക് പോകുന്ന ദീർഘ ദൂര ബസുകളും കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ ഓടില്ലെന്ന് കഴിഞ്ഞദിവസം ബസ് ഉടമകളും ജീവനക്കാരും പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് സർവീസ് നടത്തിയ ബസുകൾ സമരക്കാർ തടഞ്ഞു.ഓണ ദിനങ്ങളിൽ ബസ് ഓടാത്തത് യാത്രക്കാരെയും റൂട്ടിലെ വ്യാപാരികളെയും ഏറെ വിഷമത്തിലാക്കിയിരുന്നു. സമരം കണക്കിലെടുത്ത് കെഎസ്ആർടിസി ബസുകൾ ഓടുന്നുണ്ടെങ്കിലും എണ്ണത്തിൽ കുറവായതിനാൽ യാത്രാ ക്ലേശം പരിഹരിക്കാനാവുന്നില്ല.





