Kannur
HomeNews

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കണ്ണൂര്‍ പയ്യന്നൂരില്‍ കൂറ്റൻ ഗരുഡ ശില്‍പം ഒരുങ്ങുന്നു

7 Jan 20241 മിനിറ്റ് വായന
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കണ്ണൂര്‍ പയ്യന്നൂരില്‍ കൂറ്റൻ ഗരുഡ ശില്‍പം ഒരുങ്ങുന്നു

കണ്ണൂർ: ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാല്‍ത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആല്‍ത്തറയില്‍ ചിറകുവിടര്‍ത്തിനില്‍ക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പ്രതിഷ്ഠിക്കാൻ പുതിയത് ഒരുങ്ങി.

നിലവിലുള്ള ഗരുഡന്റെ അതേ അളവൂം രൂപഭാവവും മാറാതെ കളിമണ്ണിലാണ് ശില്പം പണിതിട്ടുള്ളത്. ഇനിയത് വെങ്കലത്തിലേക്ക്‌ മാറും. വിഷു എത്തുന്നതോടെ ഗുരുവായൂരിലേക്ക്‌ വരുന്നവരെ സ്വാഗതമോതുക മിഴിവുള്ള വെങ്കലഗരുഡനായിരിക്കും.
കണ്ണൂര്‍ സ്വദേശിയായ ശില്പി കാനായി ഉണ്ണിയാണ് ശില്പം പണിയുന്നത്. ഇതോടൊപ്പം മഞ്ജുള എന്ന ഭക്തയുടെ ശില്പവും നിര്‍മിക്കുന്നുണ്ട്. ഗുരുവായൂരപ്പന് നിത്യവും മാല ചാര്‍ത്തിയിരുന്ന ഭക്ത എന്ന നിലയ്‌ക്ക്, മാല പിടിച്ചുനില്‍ക്കുന്ന മഞ്ജുളയുടെ രൂപമാണ് നിര്‍മിക്കുന്നത്. മഞ്ജുളാല്‍ത്തറയില്‍ അതുകൂടി സ്ഥാപിക്കും. കരിങ്കല്ലുകൊണ്ട് ഉയര്‍ത്തിക്കെട്ടി തറ മനോഹരമാക്കുകയും ചെയ്യും.

മഞ്ജുളാല്‍മരം മാറ്റിസ്ഥാപിക്കാനുള്ള ആലോചനയുമുണ്ട്. മരത്തിന്‌ കേടുപാടുകളുണ്ട്. കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്‌ധരുമായി ഇത് ചര്‍ച്ചചെയ്തും തന്ത്രിയുള്‍പ്പെടെയുള്ള ആചാര്യന്മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. ആലിന്‌ പടിഞ്ഞാറുഭാഗത്തെ കുചേലന്റെ ശില്പവും മാറ്റിപ്പണിയും. എല്ലാം പൂര്‍ത്തിയായാല്‍ മഞ്ജുളാല്‍ത്തറ ഗുരുവായൂരിനു പുതിയൊരു മുഖമായിരിക്കും സമ്മാനിക്കുക. ഒരുകോടി രൂപയുടെ പദ്ധതിയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക