തളിപ്പറമ്പ്; കോടികൾ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിലായി

തളിപ്പറമ്പ്: കോടികൾ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസിൽ രണ്ടംഗസംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ചെറുകുന്ന് സ്വദേശികളായ തെക്കുമ്പാട്ടെ എം.കലേഷ്(36), ആയിരം തെങ്ങിലെ പി.പി.രാഹുൽ (30) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.
2023 ജനുവരി 7 നാണ് സംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടൻ വീട്ടിൽ കൃഷ്ണൻ(72)എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈൻ എന്ന പേരിലുള്ള രത്നക്കല്ലും അതിന്റെ ജിയോളജിക്കൽ സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന ബാഗാണ് ഇവരുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്.
45 വർഷമായി കൃഷ്‌ണൻ കൈവശം വെച്ചുവരുന്ന ഈ രത്നക്കല്ല് വാങ്ങാനായി മാസങ്ങളായി ബിജു എന്ന പേരിൽ ബന്ധപ്പെട്ടുവരുന്ന കലേഷ് പറഞ്ഞതു പ്രകാരം ജനുവരി 7 ന് രാവിലെ 11.10 ന് രത്നക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാർക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്‌ണൻ.
ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ പ്രതികൾ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതിയുണ്ടായിരുന്നത്.
നേരത്തെ ഒരു ജ്വല്ലറിയുടമ ഒരുകോടി രൂപ വിലവരുന്ന രത്നക്കല്ല് കൂടിയ വിലക്ക് താൻ വിൽപ്പന നടത്തിത്തരാമെന്ന് ബിജു എന്ന പേരിൽ ബന്ധപ്പെട്ട കലേഷ് ഉറപ്പുനൽകിയത് പ്രകാരമാണ് കൃഷ്ണൻ രത്നവുമായി പ്രതികൾ പറഞ്ഞ സ്ഥലത്ത് എത്തിയത്.
സംസാരത്തിനിടെ രത്നകല്ലും ജിയോളജിക്കൽ സർട്ടിഫിക്കറ്റും അടങ്ങിയ ബാഗുമായി ഇവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ബാബുമോൻ, എസ്.ഐ ദിനേശൻ കൊതേരി, എസ്.ഐ കെ.വി.സതീശൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച്ച രാത്രി പ്രതികൾ പിടിയിലായത്.
ഇവരോടൊപ്പം ബൈക്കോടിച്ച ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികൾ സഞ്ചരിച്ച വാഹനവും കണ്ടെടുക്കാനുണ്ട്.രത്നക്കല്ല് പ്രതികൾ ആർക്ക് കൈമാറി എന്നത് സംബന്ധിച്ച വിവരങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടില്ലെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.





