പയ്യന്നൂര്‍ കൊറ്റിയിലെ കടകളില്‍ മോഷണം നടത്തിയ കുട്ടിക്കള്ളന്മാര്‍ പിടിയില്‍

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊറ്റിയില്‍ രണ്ടുകടകളില്‍ മോഷണവും സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണ ശ്രമവും നടത്തിയ കൗമാരക്കാരായ മൂന്ന് കുട്ടിക്കള്ളന്മാര്‍ പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശികളായ ഇവരെ ശനിയാഴ്ച്ച രാവിലെയാണ് കാഞ്ഞങ്ങാട് നിന്നും പോലീസ് പിടികൂടിയത്. ഇവരെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.
ഈ മാസം എട്ടിന് അര്‍ദ്ധരാത്രിയിലാണ് കൊറ്റിയിലെ യുടിഎം കോര്‍ട്ടേഴ്സിന് സമീപത്തെ എന്‍.രഘുവിന്റെ പലചരക്ക് കടയിലും എംജി സ്റ്റോറിലും പൂട്ട് തകര്‍ത്ത് മോഷണം നടന്നത്.
രഘുവിന്റെ കടയുടെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ഇവിടെനിന്നും സിഗരറ്റുകളും ചോക്ലേറ്റുകളും പണവുമുള്‍പ്പെടെ 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായുള്ള രഘുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.എംജി സ്റ്റോറിന്റെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 12,200 രൂപയും ലഘുഭക്ഷണ സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. കൗമാരക്കാരായ മൂന്നുപേരുടെ ചിത്രങ്ങള്‍ ഇവിടുത്തെ നിരീക്ഷണ കാമറകളില്‍ പതിഞ്ഞിരുന്നു. മോഷ്ടാക്കളില്‍ ഒരാള്‍ മാസ്‌ക്ക് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സംഭവദിവസം കൊറ്റിയിലെ ഫാന്‍സ് സൂപ്പര്‍മാളിന്റെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം നടത്തിയതായും കണ്ടെത്തിയിരുന്നു.





