Kannur
HomeNews

സഹപാഠികൾ, സൗഹൃദം അതിരു കടന്നപ്പോൾ ഒഴിവാക്കി;കണ്ണൂരിൽ യുവതിയെ തീ കൊളുത്തിയത് വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിന്

22 Aug 20251 മിനിറ്റ് വായന
സഹപാഠികൾ, സൗഹൃദം അതിരു കടന്നപ്പോൾ ഒഴിവാക്കി;കണ്ണൂരിൽ യുവതിയെ തീ കൊളുത്തിയത് വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിന്

 


മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ യുവാവ് തീ കൊളുത്തി കൊന്നത് വാട് സാപ്പിൽ ബ്ലോക്ക് ചെയ്ത‌തിന്റെ വൈരാഗ്യത്തിലെന്ന് പ്രാഥമിക വിവരം. മരിച്ച കാരപ്രത്ത് ഹൗസിൽ പ്രവീണയും തീ കൊളുത്തിയ പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷും തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇരുവരും സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നു. സൗഹൃദം അതിരു കടന്നപ്പോഴാണ് പ്രവീണ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തത്. പ്രവീണയുടെ മൊബൈൽ പൂർണമായും കത്തിക്കരിഞ്ഞു. ജിജേഷിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിജേഷിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രവീണയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ഇയാൾ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രവീണയുടെ മൃതദേഹം ഇന്നലെ വൈകിട്ട് സംസ്ക‌രിച്ചു.

ബുധൻ ഉച്ചയ്ക്കാണ് ജിജേഷ് പ്രവീണയെ വീട്ടിലെത്തി തീ കൊളുത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറി. വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയെ, കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് ശരീരം പൂർണമായും പൊള്ളിയ നിലയിലായിരുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്ന പ്രവീണ ഇന്നലെ പുലർച്ചെ മരണത്തിന് കീഴടങ്ങി. പ്രവീണയുടെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് ഒരു മകളുണ്ട്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക