Kannur
HomeNews

ശ്രീകണ്ഠപുരം-തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വിദ്യാർഥികൾ ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് പിടികൂടി

27 Aug 20251 മിനിറ്റ് വായന
ശ്രീകണ്ഠപുരം-തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വിദ്യാർഥികൾ ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് പിടികൂടി

 


ബസിൽ വിദ്യാർഥികൾ നിരോധിത ഇലക്ട്രിക് സിഗരറ്റ് ഉപയോഗിക്കുന്നത് ജീവനക്കാർ പിടികൂടി. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം-തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസ്‌സ്റ്റാൻഡിൽനിന്ന് മൂന്ന് വിദ്യാർഥികൾ ഇലക്ട്രിക്ക് സിഗരറ്റ് ഉപയോഗിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബസിൽ കയറി സീറ്റിലിരുന്നപ്പോഴും ഇവർ ഇ-സിഗരറ്റ് ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ കണ്ടക്ടർ ചോദ്യംചെയ്യുകയും ഇലക്ട്രിക്ക് സിഗരറ്റ് പിടിച്ചെടുക്കുകയുംചെയ്തു. സംഭവം പോലീസിൽ അറിയിച്ചെങ്കിലും സ്കൂളുകാരെ വിവരമറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. തുടർന്ന് ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും അവരും പ്രശ്നത്തിലിടപ്പെട്ടില്ല.

സ്കൂൾ സ്റ്റോപ്പിൽനിന്ന് ബസിൽ കയറാൻ കഴിയുമെങ്കിലും ഇവർ ഏറെ നടന്ന് ടൗണിലെത്തുന്നത് ഇലക്ട്രിക്ക് സിഗരറ്റ് ഉപയോഗത്തിനാണെന്ന് സംശയിക്കുന്നു. വിദ്യാർഥികൾക്ക് എവിടെനിന്നാണ് സിഗരറ്റ് ലഭിച്ചതെന്ന് വ്യക്തമല്ല. സിഗരറ്റ് ബസ് ജീവനക്കാർ പിടിച്ചെടുക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക