ദർശിതയുടെ കൊലപാതകം: ഡിറ്റണേറ്റർ വായിൽ തിരുകി വൈദ്യുതി കടത്തി പൊട്ടിച്ചു; ആൺസുഹൃത്ത് റിമാൻ്റിൽ

കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുര വീട്ടിൽ സുഭാഷിന്റെ ഭാര്യ ദര്‍ശിത (22) കൊല്ലപ്പെട്ട കേസിൽ പ്രതിയെ കുടുക്കാന്‍ തെളിവായത് ചോര തെറിച്ച വസ്ത്രം.മൈസൂരു സാലിഗ്രാമിലെ എസ്ജിആര്‍ ഹോട്ടലില്‍ വച്ച് ഇലക്ട്രിക്ക് ഡിറ്റനേറ്റര്‍ വായില്‍ തിരുകി പൊട്ടിച്ചാണ് ആണ്‍ സുഹൃത്ത് സിദ്ധരാജു (22) ദര്‍ശിതയെ കൊലപ്പെടുത്തിയത്.
സ്‌ഫോടനത്തില്‍ ദര്‍ശിതയുടെ ശരീരത്തില്‍ നിന്നുള്ള ചോര പ്രതിയുടെ ഷര്‍ട്ടില്‍ തെറിച്ചിരുന്നു. ഈ ഷര്‍ട്ടാണ് നിര്‍ണായകമായതും പോലീസ് അറസ്റ്റ് ചെയ്യാന്‍ കാരണമായതും.
ഭക്ഷണം വാങ്ങി തിരിച്ചെത്തിയ സിദ്ധരാജു മുറിയുടെ വാതില്‍ തുറക്കാൻ ആകുന്നില്ലെന്ന് പറഞ്ഞാണ് ഹോട്ടല്‍ ജീവനക്കാരെ വിളിച്ചത്. ശേഷം വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് കട്ടിലില്‍ ചോരപുരണ്ട നിലയില്‍ ദര്‍ശിതയുടെ മൃതദേഹം കണ്ടത്.
പെട്ടെന്ന് മൃതദേഹമെടുത്ത് ആശുപത്രിയില്‍ പോകാൻ ശ്രമിച്ച സിദ്ധരാജുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ തടയുകയും, തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.
മുറി പരിശോധിച്ച പോലീസിന് ചോര പുരണ്ട സിദ്ധരാജുവിന്റെ ഷര്‍ട്ട് ലഭിച്ചു. ഇതോടെയാണ് കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മുറിയിലുണ്ടെന്ന് പോലീസിന് മനസ്സിലായത്.
ദര്‍ശിതയെ അടിച്ച് അവശയാക്കിയ ശേഷം കൈകള്‍ പുറകില്‍ തോര്‍ത്ത് ഉപയോഗിച്ച് കെട്ടി. തുടര്‍ന്ന് ഇലക്ട്രിക് ഡിറ്റനേറ്റര്‍ വായില്‍ തിരുകിക്കയറ്റിയ ശേഷം വൈദ്യുതി പ്രവഹിപ്പിക്കുക ആയിരുന്നു.
സ്വിച്ച് ഓണ്‍ ചെയ്ത ശേഷം ഇയാള്‍ മുറിയുടെ ഒരുവശത്ത് മാറി നിന്നു. എന്നാല്‍, പൊട്ടിത്തെറിക്കിടെ ചോര ഇയാളുടെ ശരീരത്തിലും ഷർട്ടിലും തെറിച്ചിരുന്നു. തുടര്‍ന്ന് ഷര്‍ട്ട് മാറ്റി ശരീരത്തിലുള്ള ചോര കഴുകി വൃത്തിയാക്കാനാണ് ഇയാള്‍ മുറി വിട്ട് പുറത്തേക്ക് പോയത്.
മൊബൈല്‍ ഫോൺ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മരണമെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
കോടതി റിമാന്‍ഡ് ചെയ്ത സിദ്ധരാജു ഇപ്പോള്‍ മൈസൂരു ജില്ലാ ജയിലിലാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാല് ലക്ഷം രൂപയും 30 പവനും ദര്‍ശിത കവര്‍ന്ന സംഭവത്തില്‍ സിദ്ധരാജുവിനും പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഈ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.





