കണ്ണൂരിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഇരിട്ടി: ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.150 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ഉളിക്കല്‍ വയത്തൂർ സ്വദേശി അശ്വിൻ കെ. ഷീജനെയാണ് (ക്രൂസ്-21)എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിനിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മലയോര മേഖലയിലെ കഞ്ചാവ് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് വാങ്ങാനെത്തിയവരെന്ന വ്യാജേന മഫ്ടിയിലെത്തിയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് പ്രതി നല്‍കിയ മൊഴിയില്‍ പറയുന്നത്.
മട്ടന്നൂർ കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മല്‍, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവന്‍റീവ് ഓഫീസർ സി.ഹണി, സിവില്‍ എക്സൈസ് ഓഫീസർമാരായ നെല്‍സണ്‍ ടി. തോമസ് ,സി.വി.പ്രജില്‍, പി.വി.അഭിജിത്ത്, പി.പി.വിജിത എന്നിവരും ഉണ്ടായിരുന്നു.





